ആശാ ഭോസ്ലെ അന്തരിച്ചു
പ്രമുഖ ഗായിക ആശാ ഭോസ്ലെ അന്തരിച്ചു. 92 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് കാൻഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് അന്ത്യം.
കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. ഭോസ് ലെയുടെ മരണത്തിൽ പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർ അനുശോചനം അറിയിച്ചു.
പ്രശസ്ത ചലച്ചിത്രപിന്നണിഗായികയായ ലതാ മങ്കേഷ്കരുടെ സഹോദരിയാണ്. ഒപി നയ്യാർ, ബോംബൈ രവി, എസ്ഡി.ബർമൻ, ആർഡി ബർമൻ, ഇളയരാജ, റഹ്മാൻ, ജയ്ദേവ്, ശങ്കർ–ജയ്കിഷൻ, അനുമാലിക്ക് തുടങ്ങിയ ബോളിവുഡ് ലോകത്തെ പ്രശസ്തരായ സംഗീത സംവിധായകരുടെ ഈണങ്ങൾക്ക് ആശ പാടിയിട്ടുണ്ട്. മറാഠി നാടകവേദിയിലെ നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്കറുടെയും ശുദ്ധമാതിയുടേയും മകളായി ഇൻഡോറിലാണ് ആശ ജനിച്ചത്.
1956ൽ ഒ.പി.നയ്യാറിന്റെ സംഗീതസംവിധാനത്തിൻ കീഴിൽ സിഐഡി എന്ന ചിത്രത്തിൽ പാടിയതാണ് ആശയുടെ സംഗീത ജീവിതത്തിൽ വഴിത്തിരിവായത്. പിന്നീട് 1974ൽ വഴി പിരിയുന്നതുവരെ ഈ സംഗീതജോഡി നിരവധി ഹിറ്റുകൾ സമ്മാനിച്ചു.
ബിആർ ബാനറിന്റെ പ്രമുഖ ചിത്രങ്ങളിലെല്ലാം പാടാൻ ആശയ്ക്ക് അവസരം ലഭിച്ചു. 1966 ൽ പുറത്തിറങ്ങിയ തീസിരി മൻസിലിൽ പാടിക്കൊണ്ടായിരുന്നു ആശാ ഭോസ്ലെ – ആർഡി ബർമൻ കൂട്ടുകെട്ടിന്റെ തുടക്കം. പിന്നീട് ആർ.ഡി.ബർമന്റെ പ്രിയപ്പെട്ട ഗായികയായി മാറി. ആർഡി ബർമന്റെ കീഴിലാണ് ആശ ഒരു സമ്പൂർണ ഗായികയായി തീരുന്നത്. ആ കൂട്ടുകെട്ട് വിവാഹം വരെ എത്തി. 1990 കളിൽ സിനിമയിൽനിന്ന് പതിയെ പിൻവാങ്ങിയ ആശയെ എആർ റഹ്മാനാണ് തിരിച്ചുകൊണ്ടുവന്നത്. 1995 ൽ പുറത്തിറങ്ങിയ രംഗീല എന്ന ചിത്രത്തിൽ ഊർമിള മണ്ഡോദ്കറിന് വേണ്ടി പാടിയ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റുകളായി. തുടർന്ന് താൽ, ലഗാൻ, ദൗഡ്, ഇരുവർ, ലഗാൻ തുടങ്ങി നിരവധി റഹ്മാൻ ചിത്രങ്ങളിൽ ആശ പാടിയിട്ടുണ്ട്











