അയ്യോ, ഇത് ഹാര്‍ദിക് പാണ്ഡ്യയല്ലേ; ആശ്ചര്യത്തോടെ വിഘ്നേഷ്

ഐപിഎല്ലിലെ അരങ്ങേറ്റ മത്സരം കൊണ്ട് തന്നെ സാക്ഷാല്‍ എം എസ് ധോണിയുടെ വരെ പ്രശംസ പിടിച്ചുപറ്റിയ മലയാളി താരമാണ് വിഘ്നേഷ് പുത്തൂര്‍. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ 24കാരന് ഹീറോയായത്. ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാംപില്‍ നിന്നുമുള്ള വിഘ്നേഷിന്റെ രസകരമായ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
മുംബൈ ഇന്ത്യന്‍സ് ക്യാംപിലെ പരിശീലനത്തിനിടെ തോളത്ത് കൈയ്യിട്ട ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ കണ്ട് ഞെട്ടുന്ന വിഘ്നേഷാണ് വീഡിയോയില്‍. പരിശീലന സെഷനിടെ നടന്ന ചര്‍ച്ചയ്ക്കിടെയാണ് ടീം ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ടീമംഗങ്ങള്‍ക്കൊപ്പം ചേര്‍ന്നത്. പിന്നിലൂടെ വന്ന ഹാര്‍ദിക് മലയാളി താരത്തിന്റെ തോളത്ത് കൈയിടുകയായിരുന്നു.
തന്റെ തോളില്‍ കൈയ്യിട്ടതാരാണെന്നറിയാന് വിഘ്നേഷ് ഉടനെ തിരിഞ്ഞുനോക്കുന്നുമുണ്ട്. ഹാര്‍ദിക്കാണെന്ന് മനസ്സിലായതോടെ വിഘ്നേഷ് ഞെട്ടി കണ്ണുതള്ളുന്നതാണ് വീഡിയോയിലുള്ളത്. രസകരമായ വീഡിയോ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.