സിറാജിന് വൻ വരവേൽപ്പ്; ഓട്ടോഗ്രാഫിനും സെൽഫിക്കുമായി എയർപോർട്ടിൽ തിക്കും തിരക്കും

ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ഇന്ത്യയുടെ പേസര്‍ മുഹമ്മദ് സിറാജിന് ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ വന്‍ സ്വീകരണം. ലണ്ടനില്‍ നിന്ന് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനലില്‍ ഇറങ്ങിയ സിറാജ് അവിടെ നിന്ന് കണക്ഷന് ഫ്ളൈറ്റിലാണ് ഹൈദരാബാദ് എയർപോർട്ടിൽ എത്തിയത്.
ഹൈദരാബാദ് എയര്‍പോര്‍ട്ടിലും മുംബൈ എയര്‍പോര്‍ട്ടിലും താരത്തിനെ കാണാനും സെല്‍ഫിയെടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനും ആളുകൾ തിരക്ക് കൂട്ടിയിരുന്നു. ഇംഗ്ലണ്ടില്‍ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയത് സിറാജ് ആയിരുന്നു. അഞ്ച് മത്സരങ്ങളും കളിച്ച താരം 185.3 ഓവർ എറിഞ്ഞ് 23 വിക്കറ്റുകൾ നേടി. അവസാന മത്സരത്തില്‍ നിര്‍ണായകമായ ഇംഗ്ലണ്ടിന്റെ അവസാന വിക്കറ്റും പിഴുതാണ് സിറാജ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായത്.