ചാംപ്യൻസ് ട്രോഫിയിലെ ഏക്കാലത്തെയും വലിയ റൺവേട്ട; കരുത്ത് തെളിയിച്ച് ഓസീസ്

ചാംപ്യൻസ് ട്രോഫിയിൽ ഓസ്ട്രേലിയ വിജയിച്ചു തുടങ്ങി. ഐസിസി ചാംപ്യൻസ് ട്രോഫി ചരിത്രത്തിലെ എറ്റവും വലിയ റൺചെയ്സിനാണ് ക്രിക്കറ്റ് ലോകം സാക്ഷിയായത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 351 റൺസ് അടിച്ചുകൂട്ടി. എന്നാൽ 47.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയൻ സംഘം ലക്ഷ്യം മറികടന്നു.
നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ചാംപ്യൻസ് ട്രോഫി ചരിത്രത്തിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ അടിച്ചെടുത്ത് ബെൻ ഡക്കറ്റ് ഇംഗ്ലണ്ടിനെ മുന്നിൽ നിന്ന് നയിച്ചു. 143 പന്തുകൾ നേരിട്ട് 17 ഫോറിന്റെയും മൂന്ന് സിക്സറുകളുടെയും സഹായത്തോടെ 165 റൺസാണ് ഡക്കറ്റ് നേടിയത്. 21 വർഷം പഴക്കമുള്ള റെക്കോർഡാണ് ബെൻ ഡക്കറ്റ് തിരുത്തിയെഴുതിയത്. ന്യൂസിലാൻഡ് മുൻ താരം നഥാൻ ആസിലിന്റെ പേരിലായിരുന്നു ചാംപ്യൻസ് ട്രോഫിയിലെ എക്കാലത്തെയും ഉയർന്ന വ്യക്തിഗത സ്കോർ നേട്ടം. ഡക്കറ്റിനെ കൂടാതെ 68 റൺസെടുത്ത ജോ റൂട്ടാണ് ഇംഗ്ലീഷ് നിരയിൽ തിളങ്ങിയ മറ്റൊരു ബാറ്റർ.
മറുപടി പറഞ്ഞ ഓസ്ട്രേലിയയ്ക്ക് തുടക്കത്തിൽ തിരിച്ചടിയാണുണ്ടായത്. എന്നാൽ ഒരുവശത്ത് മാറ്റ് ഷോർട്ട് മികച്ച തുടക്കം ഉറപ്പാക്കി. 66 പന്തിൽ ഒമ്പത് ഫോറും ഒരു സിക്സറും സഹിതം ഷോർട്ട് 63 റൺസെടുത്തു. മാർനസ് ലബുഷെയ്ൻ 47, അലക്സ് ക്യാരി 69 എന്നിവരും മികച്ച സംഭാവനകൾ നൽകി.
അഞ്ചാമനായി ക്രീസിലെത്തി 86 പന്തിൽ എട്ട് ഫോറും ആറ് സിക്സറും പറത്തിക്കൊണ്ട് 120 റൺസുമായി പുറത്താകാതെ നിന്ന ജോഷ് ഇൻഗ്ലീഷ് ആണ് ഓസ്ട്രേലിയൻ വിജയം ഉറപ്പാക്കിയത്. 15 പന്തിൽ നാല് ഫോറും രണ്ട് സിക്സറും സഹിതം പുറത്താകാതെ 32 റൺസുമായി ഗ്ലെൻ മാക്സ്വെല്ലും വിജയത്തിൽ നിർണായകമായി. 2009ൽ ചാംപ്യന്മാരായതിന് ശേഷം ഇതാദ്യമായാണ് ഓസ്ട്രേലിയ ചാംപ്യൻസ് ട്രോഫിയിൽ ഒരു മത്സരം വിജയിക്കുന്നത്.