ചാംപ്യൻസ് ലീഗ് ടി20 വീണ്ടും വരുന്നു; ടെസ്റ്റ് ചാംപ്യൻഷിപ്പിൽ 12 ടീമുകൾ

വിവിധ രാജ്യങ്ങളിലെ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളിലെ ടീമുകൾ തമ്മിൽ മാറ്റുരയ്ക്കുന്ന ചാപ്യൻസ് ലീഗ് ടി20 പോരാട്ടം വീണ്ടും തുടങ്ങിയേക്കും. സിംഗപ്പുരിൽ സമാപിച്ച ഐസിസി വാർഷിക യോഗത്തിൽ ടൂർണമെന്റ് പുനരാരംഭിക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ.
ടൂർണമെന്റുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ ക്രിക്കറ്റ് ബോർഡുകൾ അനുകൂല സമീപനം ആണ് സ്വീകരിച്ചത്. അടുത്ത വർഷം സെപ്റ്റംബറിൽ ടൂർണമെന്റ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2014ലാണ് അവസാനമായി ചാംപ്യൻസ് ലീഗ് പോരാട്ടം നടന്നത്. അന്ന് ചെന്നൈ സൂപ്പർ കിങ്സാണ് ചാംപ്യൻമാരായത്.
ടെസ്റ്റിൽ റാങ്കിങിൽ മുന്നിലുള്ള ടീമുകൾക്ക് പ്രാധാന്യം നൽകുന്ന ദ്വിതല സംവിധാനവുമായി മുന്നോട്ടു പോകാൻ യോഗം തീരുമാനിച്ചു. ഇതിലും അംഗങ്ങൾ അനുകൂല നിലപാടാണ് എടുത്തത്. നിലവിൽ 9 ടീമുകളാണ് ടെസ്റ്റ് ചാംപ്യൻഷിപ്പ് കളിക്കുന്നത്. ഇത് 12 ആയി ഉയർത്തും. ആറ് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായിട്ടായിരിക്കും പോരാട്ടം. ടൂർണമെന്റിന്റെ അന്തിമ ഘടന ഈ വർഷം അവസാനത്തോടെ തീരുമാനിക്കും