സഞ്ജു ഇത്തവണ ഐപിഎല്ലിൽ ഇറങ്ങുന്നത് ധോണിക്കൊപ്പം മഞ്ഞക്കുപ്പായത്തിൽ; ജഡേജ രാജസ്ഥാൻ റോയൽസിനെ നയിക്കും
മലയാളി താരം സഞ്ജു സാംസൺ ഇനി ഐപിഎലിൽ ഇറങ്ങുന്നത് ധോണിക്കൊപ്പം ആയിരിക്കും. ഏറെ നീണ്ട ചർച്ചകൾക്ക് ഒടുവിൽ തലയുടെ തട്ടകമായ ചെന്നൈയിലേക്ക് എത്തുകയാണ് സഞ്ജു സാംസൺ.
ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസ് വിട്ട് സഞ്ജു ചെന്നൈയിലേക്ക് മാറുന്നത് സംബന്ധിച്ച് ധാരണയായതായി സഞ്ജുവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അറിയിച്ചു. രവീന്ദ്ര ജഡേജയും സഞ്ജുവും ഉൾപ്പെട്ട സ്വാപ് ഡീൽ വഴിയാണ് ഈ കൂടുമാറ്റം.
ജഡേജയേയും സാം കറനേയും ടീമിലെടുത്ത് സഞ്ജുവിനെ നല്‍കാനായിരുന്നു രാജസ്ഥാൻ ആദ്യഘട്ടത്തിൽ തീരുമാനിച്ചിരുന്നത്. ഇത് ഉറപ്പിക്കും എന്ന നിലയിലേക്ക് എത്തിയപ്പോളാണ് ആ ഡീലിൽ ചില തടസ്സങ്ങൾ നേരിട്ടത്. സാം കറനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ രാജസ്ഥാന് സാധിക്കാതെ വന്നതാണ് കാരണം. വിദേശതാരങ്ങളുടെ കോട്ടയാണ് പ്രശ്നമായി മാറിയത്. അതോടെ കറനെ ഡീലിൽ നിന്ന് ഒഴിവാക്കി ജഡേജയെ മാത്രം ടീമിലെത്തിച്ച് രാജസ്ഥാൻ കൈമാറ്റം നടത്തി.
രാജസ്ഥാനിലെത്തിയാല്‍ തന്നെ ക്യാപ്റ്റൻ ആക്കണമെന്ന ആവശ്യം ജഡേജ മുന്നോട്ടുവെച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് അംഗീകരിച്ചാൽ ജഡേജ അടുത്ത സീസണിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനാകും. അതേസമയം സഞ്ജു ഈ വരുന്ന സീസണിൽ ചെന്നൈയെ നയിക്കില്ല. ഋതുരാജ് ഗെയ്ക്വാദ് തന്നെ ടീമിന്റെ നായകനായി തുടരുമെന്നാണ് ലഭിക്കുന്ന സൂചന.
മഹേന്ദ്രസിങ് ധോനി ഇനി ചെന്നൈക്കായി എത്ര നാൾ കളിക്കുമെന്ന് ഉറപ്പില്ലാത്ത പശ്ചാത്തലത്തിൽ കൂടിയാണ് സഞ്ജുവിനെ ടീം തട്ടകത്തിലെത്തിക്കുന്നത്. ടീമിന്റെ വിക്കറ്റ് കീപ്പറും സഞ്ജു തന്നെയായേക്കും. ധോണിയുടെ വിരമിക്കലിനു ശേഷം സഞ്ജുവാകും ടീമിനെ നയിക്കുന്നത്.
ഒരു ടീമിന് പരമാവധി എട്ട് വിദേശതാരങ്ങളെ മാത്രമേ ടീമിലെടുക്കാനാവൂ എന്നതാണ് നേരത്തേ രാജസ്ഥാന് തിരിച്ചടിയായത്. രാജസ്ഥാന് സ്ക്വാഡില്‍ നിലവില്‍ എട്ട് വിദേശതാരങ്ങളുണ്ട്. ജൊഫ്ര ആര്‍ച്ചര്‍, ഷിമ്രോണ്‍ ഹെറ്റ്മയര്‍, വാനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ, ഫസല്‍ ഹഖ് ഫറൂഖി, ക്വന മഫക്ക, നാന്ദ്രെ ബര്‍ഗര്‍, പ്രിട്ടോറിയസ് എന്നിവരാണ് ടീമിലുള്ള വിദേശ താരങ്ങള്‍.
അതിനാൽ തന്നെ സാം കറനെ കൂടി ഇപ്പോൾ ടീമിലെടുക്കാന്‍ രാജസ്ഥാന് കഴിയില്ല. മാത്രമല്ല, താരത്തിനായി ചെലവിടുന്ന പണത്തിന്റെ കാര്യത്തിലും തടസ്സങ്ങളുണ്ട്. നിലവില്‍ 30 ലക്ഷം മാത്രമാണ് ടീമിന് ചെലവിടാനാകുക. സാം കറന്റെ ലേലത്തുക തന്നെ 2.4 കോടിയാണ്. അതിനാല്‍ കറനെ ഉള്‍ക്കൊള്ളിക്കണമെങ്കില്‍ ഏതെങ്കിലും വിദേശതാരത്തെ ടീമില്‍ നിന്ന് നീക്കിയേ മതിയാകൂ. അതും നടക്കാതെ വന്നപ്പോളാണ് ജഡേജ-സഞ്ജു സ്വാപ് ഡീലിന് കളമൊരുങ്ങിയത്.
2013 ല്‍ രാജസ്ഥാനിലെത്തിയ സഞ്ജു ടീമിന് വിലക്ക് നേരിട്ട ഘട്ടത്തില്‍ ഡല്‍ഹിക്കായി കളിച്ചിരുന്നു. വീണ്ടും 2018-ല്‍ രാജസ്ഥാനില്‍ തിരികെയെത്തി. 2021 ലാണ് ടീമിന്റെ നായകനായി സഞ്ജു വരുന്നത്. പിന്നാലെ തൊട്ടടുത്ത സീസണില്‍ ടീമിനെ ഐപിഎല്‍ ഫൈനലിലുമെത്തിച്ചു.
അതേസമയം ഐപിഎല്ലിലെ ജഡേജയുടെ ആദ്യത്തെ ടീമാണ് രാജസ്ഥാന്. 2008 ല്‍ രാജസ്ഥാന് കിരീടം നേടുമ്പോള്‍ ജഡേജ അന്നത്തെ ടീമിലുണ്ടായിരുന്നു. 2012 മുതലാണ് ജഡേജ ചെന്നൈയുടെ മഞ്ഞകുപ്പായം അണിയാന്‍ തുടങ്ങിയത്. ടീമിന് വിലക്ക് നേരിട്ട 2016, 2017 സീസണുകള്‍ ഒഴികെ പിന്നീടങ്ങോട്ട് താരം ചെന്നൈയിൽത്തന്നെ ആയിരുന്നു.
ചെന്നൈ സൂപ്പർ കിങ്സിൽ എത്തിയാൽ സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനം എങ്ങനെയാകും എന്ന വിലയിരുത്തൽ വരെ നടത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. മിഡിൽ ഓവറുകളിൽ കൂടുതൽ സിക്സറുകൾ നേടാൻ സഞ്ജുവിന് സാധിക്കുമെന്നാണ് കൈഫ് അഭിപ്രായപ്പെട്ടത്. കെഎൽ രാഹുൽ, റിഷബ് പന്ത് എന്നിവരേക്കാൾ മികച്ച രീതിയിൽ ചെന്നൈ പിച്ചിൽ സഞ്ജുവിന് കളിക്കാൻ സാധിക്കുമെന്നും കൈഫ് വ്യക്തമാക്കി.
”ബാറ്റിംഗ് ശൈലി നോക്കുകയാണെങ്കിൽ സഞ്ജു സാംസൺ ചെന്നൈയിൽ തിളങ്ങാൻ സാധ്യതയുണ്ട്. അദ്ദേഹം മൂന്നോ നാലോ പൊസിഷനിൽ വന്നേക്കാം. മിഡിൽ ഓവറുകളിൽ സഞ്ജുവിന് സിക്സറുകൾ നേടാൻ സാധിക്കും” എന്നും മുഹമ്മദ് കൈഫ് പറഞ്ഞു.
2025 ഐപിഎല്ലിൽ സീസണിൽ രാജസ്ഥാൻ റോയൽസ് നിറം മങ്ങിയ പ്രകടനമാണ് നടത്തിയത്. എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാൻ ഫിനിഷ് ചെയ്തത്. ചെന്നൈയും നിരാശാജനകമായ പ്രകടനമായിരുന്നു നടത്തിയിരുന്നത്. 10 മത്സരങ്ങൾ പരാജയപ്പെട്ട് വെറും എട്ട് പോയിന്റോടെ അവസാന സ്ഥാനത്താണ് ചെന്നൈ ഫിനിഷ് ചെയ്തത്.
രാജസ്ഥാൻ റോയല്‍സിനെ 67 മത്സരങ്ങളില്‍ നയിച്ച സഞ്ജു 33 മത്സരങ്ങളില്‍ ജയിച്ചപ്പോള്‍ 33 മത്സരങ്ങളില്‍ തോറ്റു. ടീമിനെ 2022ൽ ഐപിഎല്‍ ഫൈനലിലും 2024ലെ പ്ലേ ഓഫിലും എത്തിക്കാൻ സഞ്ജുവിനായി.
ഐപിഎല്‍ താരലേലം ഇത്തവണയും ഗള്‍ഫില്‍ വെച്ച് നടക്കും. താരലേലത്തിന് ഇത്തവണ അബുദാബി വേദിയാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിസംബര്‍ 15, 16 തീയതികളിൽ ഒന്നാകും ലേലം നടക്കുക. 2024-ലെ ലേലം ദുബായിലും 2025-ലെ മെഗാതാരലേലം ജിദ്ദയിലുമാണ് നടന്നത്.













