‘വിവാഹത്തിൽ നിന്ന് പിന്മാറുന്നു’; മൗനം വെടിഞ്ഞ് സ്മൃതിയും പലാഷ് മുഛലും
സംഗീത സംവിധായകൻ പലാഷ് മുഛലുമായി നേരത്തെ തീരുമാനിച്ചിരുന്ന വിവാഹത്തിൽ നിന്ന് പിന്മാറി ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. വിവാഹം വേണ്ടെന്നുവെച്ചതായി സ്മൃതി മന്ദാന ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.
‘കഴിഞ്ഞ കുറച്ച് ആഴ്ചകളായി എന്റെ ജീവിതത്തെക്കുറിച്ച് പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. ഈ അവസരത്തിൽ പ്രതികരിക്കേണ്ടത് പ്രധാനമാണെന്ന് തോന്നുന്നു. സ്വകാര്യത നിലനിർത്താൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. എങ്കിലും, ഈ വിവാഹം വേണ്ടെന്നുവെച്ചതായി വ്യക്തമാക്കുന്നു. ഈ വിഷയം ഇവിടെ അവസാനിപ്പിക്കണമെന്നും ഇരുകുടുംബങ്ങളുടെയും സ്വകാര്യതയെ മാനിച്ച് സ്വന്തം രീതിയിൽ വിഷയം കൈകാര്യം ചെയ്യാൻ ഇടം നൽകണമെന്നും അഭ്യർഥിക്കുന്നു. ഇന്ത്യക്കുവേണ്ടി കളിക്കാനും ട്രോഫികൾ നേടാനും ആഗ്രഹിക്കുന്നു. പിന്തുണച്ച എല്ലാവർക്കും നന്ദി. മുന്നോട്ട് പോകാനുള്ള സമയമായി’, ഇതാണ് സ്മൃതി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
അതിനിടെ സ്മൃതി മന്ദാനയുമായുള്ള ബന്ധത്തില്‍നിന്ന് പിന്മാറുകയാണെന്ന് വ്യക്തമാക്കി സംഗീത സംവിധായകന് പലാഷ് മുച്ഛലും രംഗത്തുവന്നു. ജീവിതത്തില്‍ പുതിയ വഴിയിലൂടെ സഞ്ചരിക്കാന്‍ തീരുമാനിച്ചുവെന്നും തന്നെക്കുറിച്ച് വ്യാജവും നിന്ദ്യവുമായ ഉള്ളടക്കങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ തന്റെ ടീം കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും പലാഷ് വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.













