താനൂര്‍ ബോട്ടപകടത്തില്‍ മരണമടഞ്ഞവര്‍ക്ക് 10 ലക്ഷം രൂപ ധനസഹായം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
താനൂര്‍ തൂവല്‍തീരത്ത് ബോട്ടപകടത്തില്‍ മരിച്ചവര്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു. സാങ്കേതിക വിദഗ്ദ്ധര്‍ ഉള്‍പ്പെടുന്ന ജുഡീഷ്യല്‍ കമ്മീഷനായിരിക്കും അന്വേഷണം നടത്തുക. ആശുപത്രിയില്‍ കഴിയുന്നവരുടെ മുഴുവന്‍ ചികിത്സാച്ചെലവും സര്‍ക്കാര്‍ വഹിക്കും.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ എത്തിയ മുഖ്യമന്ത്രി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും മൃതദേഹങ്ങളുടെ സംസ്കാരം നടക്കുന്ന മദ്രസയിലും എത്തി. 8 മന്ത്രിമാരും സംസ്ഥാന പോലീസ് മേധാവിയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. തിരൂരങ്ങാടിയില്‍ ചേര്‍ന്ന യോഗത്തില്‍ മുസ്ലീം ലീഗ് നേതാക്കളും പങ്കെടുത്തു.
ദുരന്തത്തില്‍ 22 പേരാണ് മരിച്ചത്. മരിച്ചവരില്‍ 7 കുട്ടികളും ഉള്‍പ്പെടുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പരപ്പനങ്ങാടിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. അതിനു ശേഷം സംസ്കാരം നടക്കും.