ഈജിപ്തിൽ പള്ളിയിലുണ്ടായ തീപിടിത്തത്തിൽ നിരവധി കുട്ടികളടക്കം 41 പേർ കൊല്ലപ്പെട്ടു
ഈജിപ്തിലെ പള്ളിയിലുണ്ടായ ഉണ്ടായ തീപിടിത്തത്തില് 41 പേര് കൊല്ലപ്പെട്ടു. 45 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച ജീസ നഗരത്തിലെ ഇംബാബയില് കോപ്റ്റിക് പള്ളിയിലെ കുർബാനക്കിടെയായിരുന്നു തീപിടുത്തം. തീപിടുത്തം ഷോർട്ട് സർക്ക്യൂട്ടിനെ തുടർന്നായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
പള്ളിയിൽ അയ്യായിരത്തോളം പേർ ഉണ്ടായിരുന്നു. മരിച്ചവരിൽ ഏറെയും പള്ളിയുടെ നേഴ്സറി മുറിയിലുണ്ടായിരുന്ന കുട്ടികളാണ്. നാല് നിലകളുള്ള പള്ളിയിൽ രണ്ടാം നിലയിലെ എയർ കണ്ടീഷണറിൽ നിന്നുമാണ് ആദ്യം തീ പടർന്നത്. ഇവിടെ നിന്നും പുക ഉയരുന്നത് കണ്ട് രക്ഷപ്പെടാൻ ഓടിയവർ തിക്കി തിരക്കിയതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്.
തിക്കിലും തിരക്കിലും പെട്ട് ഒട്ടേറെ പേർ കോണിപ്പടിയിൽ നിന്നും താഴെ വീണു. വേഗം തന്നെ അഗ്നിശമനസേന വന്ന് തീ അണച്ചെങ്കിലും തിക്കിലും തിരക്കിലുംപ്പെട്ട് കൂടുതൽ പേർ അപകടത്തിലാവുകയായിരുന്നു. നൈൽ നദി തീരത്തുള്ള ജീസ ഈജിപ്തിലെ രണ്ടാമത്തെ വലിയ നഗരമാണ്.
Content Highlights – Egyptian church fire, 41 killed, including many children