സംസ്ഥാനത്ത് ദുരന്ത നിവാരണ സേനയുടെ 9 സംഘങ്ങൾ
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ 9 സംഘങ്ങളെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, ഇടുക്കി, പത്തനംതിട്ട, കണ്ണൂർ, തൃശൂർ എറണാകുളം ജില്ലകളിലാണ് സേനയെ വിന്യസിച്ചിരിക്കുന്നത്. ഇതിനു പുറമെ വിവിധ സേനകളുടെ സേവനവും നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഗവണ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ഡിഫെൻസ് സർവീസ് സ്കോപ്സ് എന്നീ രണ്ടു ടീമുകളുടെ വീതവും നേവി, ആർമി, കോസ്റ്റ് ഗാർഡ് എന്നിവയുടെ ഓരോ ടീമിന്റെയും സേവനം സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും കർണാടക തീരങ്ങളിൽ നാളെ വരെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിലും ചിലയവസരങ്ങളിൽ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
Content Highlights – Disaster management force team in kerala