ഇടുക്കിയില്‍ പത്തുമാസം മുന്‍പ് വിവാഹിതയായ യുവതി തൂങ്ങിമരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍
പത്തു മാസം മുന്‍പ് വിവാഹിതയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഏലപ്പാറ ഹെലിബറിയ വാഴപ്പറമ്പില്‍ കുട്ടപ്പന്-ചിന്നമ്മ ദമ്പതികളുടെ മകള്‍ എം കെ ഷീജ (27) ആണ് മരിച്ചത്. ഭര്‍ത്താവ് വളകോട് പുത്തന്‍വീട്ടില്‍ ജോബിഷിന്റെ വീട്ടിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ഷീജയുടെ ബന്ധുക്കള്‍ ആരോപിച്ചു.
ജോബിഷ് മദ്യപിച്ചെത്തി മര്‍ദ്ദിച്ചിരുന്നതായും ജോബിഷിന്റെ മാതാപിതാക്കള്‍ വഴക്കിട്ടിരുന്നതായും ഷീജ പറഞ്ഞിരുന്നതായി സഹോദരന് അരുണ്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ 13നായിരുന്നു വിവാഹം. അതിനു ശേഷം ജീവിതം മടുത്തതായി ഷീജ ചില സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി അരുണ്‍ ആരോപിക്കുന്നു.
ഓണത്തിനു മുന്‍പ് രണ്ടാഴ്ചയോളം സ്വന്തം വീട്ടിലായിരുന്ന ഷീജയെ ഏലപ്പാറയില്‍ നിന്ന് കഴിഞ്ഞ ദിവസം ജോബിഷ് കൂട്ടിക്കൊണ്ടു പോയിരുന്നു. തിരുവോണ ദിവസം ഉച്ചയ്ക്ക് ഷീജയെയും കൂട്ടി ഹെലിബറിയയിലെ വീട്ടില്‍ വന്നെങ്കിലും വൈകിട്ടു മടങ്ങി. വെള്ളിയാഴ്ച രാവിലെ അരുണിനെ ജോബിഷ് വിളിച്ചു വരുത്തി.
ഷീജയെ തിരക്കിയപ്പോള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ജോബിഷ് പറഞ്ഞു. തുടര്‍ന്ന് ഉപ്പുതറ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തി അന്വേഷിച്ചപ്പോഴാണ് മരിച്ചതായി അറിഞ്ഞതെന്നും അരുണ്‍ പറഞ്ഞു.
content highlights – idukki, woman, hanged herself