സല്മാന് റുഷ്ദിക്കെതിരായ ആക്രമണത്തെ അപലപിച്ച എഴുത്തുകാരി ജെ കെ റൗളിങ്ങിന് വധഭീഷണി
ബുക്കർ പ്രൈസ് ജേതാവ് സൽമാൻ റുഷ്ദിക്കെതിരായ ആക്രമണത്തെ അപലപിച്ചതിനെ തുടർന്ന് എഴുത്തുകാരിയായ ജെ കെ റൗളിങ്ങിന് വധഭീഷണി. റൗളിങ്ങിന് ലഭിച്ച ഭീഷണി സന്ദേശത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചു. വളരെയധികം അസ്വസ്ഥത തോന്നുന്നുവെന്നും നോവലിസ്റ്റ് സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കുറിച്ച ട്വീറ്റിന്റെ മറുപടിയായിട്ടാണ് “വിഷമിക്കേണ്ട. നിങ്ങളാണ് അടുത്തത്.” എന്ന ഭീഷണി സന്ദേശം ഹാരി പോട്ടര്‍ രചയിതാവിന് നേരെ ഉയര്‍ന്നത്.
ഈ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും റുഷ്ദിയെ ആക്രമിച്ച ഹാദി മറ്റാറിനെ പ്രശംസിച്ചും സന്ദേശം വന്നിരുന്നു. പടിഞ്ഞാറൻ ന്യൂയോർക്കിൽ ഒരു പ്രഭാഷണം നടത്തുന്ന വേദിയിൽ വെച്ചാണ് സൽമാൻ റുഷ്ദി ആക്രമിക്കപ്പെട്ടത്. വേദിയിലേക്ക് കയറി വന്ന അക്രമി സല്മാന് റുഷ്ദിയുടെ കഴുത്തിന് കുത്തുകയായിരുന്നു. രണ്ട് തവണ കുത്തേറ്റതോടെ റുഷ്ദി നിലത്ത് വീണു.
വര്‍ഷങ്ങളായി സാത്താനിക് വേഴ്സ് എന്ന പുസ്തകത്തിന്റെ പേരില്‍ വധഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നയാളാണ് സല്മാന് റുഷ്ദി. ഈ പുസ്തകം 1988 മുതല്‍ ഇറാനില്‍ നിരോധിച്ചിരുന്നു. സല്മാന് റുഷ്ദിയെ കൊലപ്പെടുത്തുന്നവര്‍ക്ക് ചില സംഘടനകൾ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഭീഷണികള്‍ ഉയര്‍ന്നത് മതനിന്ദ ആരോപിച്ചായിരുന്നു. സല്മാന് റുഷ്ദിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി, അദ്ദേഹം സംസാരിച്ച് തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ.
Content Highlights – J K Rowling, death threat after Salman Rushdie attack