ആസാദ് കാശ്മീര്‍ പരാമര്‍ശം; കെ ടി ജലീലിനെതിരെ പോലീസ് കേസെടുത്തു
ഫെയിസ്ബുക്ക് കുറിപ്പിലെ വിവാദ പരാമര്‍ശത്തില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലിനെതിരെ കേസെടുത്തു. പത്തനംതിട്ട കീഴ്വായ്പൂര് പോലീസാണ് കേസെടുത്തത്. തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശം അനുസരിച്ചാണ് നടപടി. ഭരണഘടനയെ അപമാനിക്കുക, കലാപമുണ്ടാക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് ജലീല്‍ ഫെയിസ്ബുക്കില് പോസ്റ്റിട്ടതെന്ന് എഫ്ഐആറില്‍ പറയുന്നു. ആര്‍എസ്എസ് നേതാവ് നല്കിയ ഹര്‍ജിയിലാണ് കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.
കലാപാഹ്വാനം, മതവികാരം വ്രണപ്പെടുത്തല്‍, ദേശീയ ബഹുമതികളെ അവമതിക്കല്‍ തുടങ്ങിയവ പോസ്റ്റിലുണ്ടെന്നായിരുന്നു പരാതിയിലെ ആരോപണം. നിയമസഭാ സമിതി നടത്തിയ കാശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ച് ഫെയിസ്ബുക്കില് കുറിച്ച യാത്രാവിവരണത്തിലാണ് ജലീലിന്റെ വിവാദ പരാമര്‍ശങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. പാക് അധീന കാശ്മീരിനെ ആസാദ് കാശ്മീര്‍ എന്നും ജമ്മു, കാശ്മീര്‍ താഴ് വര, ലഡാക്ക് എന്നീ പ്രദേശങ്ങളെ ഇന്ത്യന്‍ അധീന കാശ്മീര്‍ എന്നുമാണ് ജലീല്‍ വിശേഷിപ്പിച്ചത്. വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചിരുന്നു.
ഇതേ സംഭവത്തില്‍ കേസെടുക്കുന്നതില്‍ ഡല്‍ഹി പോലീസ് കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. തിലക് നഗര്‍ സ്റ്റേഷനില്‍ അഭിഭാഷകനായ ജി എസ് മണി നല്കിയ പരാതി സൈബര്‍ ക്രൈം വിഭാഗത്തിന് നല്‍കിയിരിക്കുകയാണ്.
Content highlights – azad kashmir, police registered case against k t jaleel