പമ്പയില്‍ സ്നാനം ചെയ്യുന്നത് നിരോധിച്ചു
കനത്തമഴയെ തുടർന്ന് ശബരിമല തീര്‍ഥാടകരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് പമ്പയില്‍ സ്നാനം ചെയ്യുന്നത് നിരോധിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ.ദിവ്യ എസ് അയ്യര്‍. തീര്‍ഥാടകര്‍ സ്നാനം ചെയ്യുന്നത് തടയുന്നതിന് ബാരിക്കേഡുകള്‍ ക്രമീകരിക്കണമെന്നും നദിയിലേക്ക് തീര്‍ഥാടകര്‍ ഇറങ്ങുന്നില്ലായെന്നുള്ളത് ഉറപ്പാക്കണമെന്നും ഉത്തരവിട്ടു.
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കേരളതീരത്ത് വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഉത്രാട ദിനമായ ബുധനാഴ്ച എറണാകുളം മുതല്‍ കണ്ണൂര്‍ വരെയുള്ള എട്ട് ജില്ലകളിലും തിരുവോണ ദിനത്തില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘം സംസ്ഥാനത്തെത്തും. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിലേക്കാണ് സംഘമെത്തുക. തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയര്‍ന്ന ഇടമലയാര്‍ ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
content highlights – rain alert, pamba, bathing, prohibitted