സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പുതിയ നിര്‍ദേശവുമായി ബിജെപി മന്ത്രി
സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം പൂര്‍ത്തിയാകുന്നത് പ്രമാണിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പുതിയ നിര്‍ദേശവുമായി മഹാരാഷ്ട്ര സാംസ്കാരിക വകുപ്പ് മന്ത്രി സുധീര്‍ മുങ്ക്തിവാര്. ഓഫീസുകളിൽ വരുന്ന ഫോണ്‍ കോളുകള്‍ എടുക്കുമ്പോള്‍ ‘ഹലോ’ എന്ന് പറയുന്നതിന് പകരം ‘വന്ദേ മാതരം’ എന്ന് പറയാനാണ് നിര്‍ദേശം. ജനുവരി 26 വരെ നിര്‍ദേശം പാലിക്കണമെന്നും മന്ത്രി പറയുന്നു.
‘രാജ്യം സ്വാതന്ത്ര്യത്തിന്റ 76-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഫോണ്‍ കോളുകള്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുമ്പോള്‍ ഹലോ എന്ന് പറയുന്നതിന് പകരം വന്ദേ മാതരം എന്ന് പറയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിര്‍ദേശം അടുത്ത വര്‍ഷം ജനുവരി 26 വരെ ഉദ്യോഗസ്ഥര്‍ പാലിക്കണം. ഹലോ എന്ന വിദേശീയ പദമായ വാക്ക് ഉപയോഗിക്കില്ല’, അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേയുടെ മന്ത്രിസഭയിലെ അംഗമാണ് മുങ്ക്തിവാര്. മഹാരാഷ്ട്രയിലെ പുതിയ സാംസ്കാരിക വകുപ്പ് മന്ത്രിയായി കഴിഞ്ഞ ദിവസമാണ് സുധീര്‍ മുങ്ക്തിവാര് ചുമതലയേറ്റത്.
Content Highlights – BJP minister, New instructions, government officials