തെളിവില്ലെന്ന് സിബിഐ; സോളാര്‍ പീഡനക്കേസില്‍ ഹൈബി ഈഡനെതിരായ അന്വേഷണം അവസാനിപ്പിക്കുന്നു
സോളാര്‍ പീഡനക്കേസില്‍ ഹൈബി ഈഡന് എംപിക്കതിരായ അന്വേഷണം അവസാനിപ്പിക്കുന്നു. തിരുവനന്തപുരം സിബിഐ കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് അന്വേഷണസംഘം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സോളാര്‍ പീഡനവുമായി ബന്ധപ്പെട്ട ആദ്യ കേസിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. ലൈംഗിക പീഡന പരാതിയില്‍ ഹൈബിക്കെതിരെ തെളിവു കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ആരോപണങ്ങള്‍ സംബന്ധിച്ച് ശക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാരിക്ക് സാധിച്ചിട്ടില്ല. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കേസ് അവസാനിപ്പിക്കുകയാണെന്നും സിബിഐ വ്യക്തമാക്കി. സോളാര്‍ പീഡന പരാതിയില്‍ ആറു കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.സി. വേണു ഗോപാല്‍, എ.പി. അനില്‍കുമാര്‍, ഹൈബി ഈഡന്, അടൂര്‍പ്രകാശ്, ബി.ജെ.പി. നേതാവ് അബ്ദുള്ള കുട്ടി എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം.
ഹൈബി ഈഡനെതിരായുള്ള എഫ്ഐആറിലായിരുന്നു ആദ്യം അന്വേഷണം നടന്നത്. സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതിക്കു പുറമേ ലൈംഗിക ചൂഷണവും നടന്നെന്നായിരുന്നു പരാതിക്കാരി മൊഴി നല്‍കിയത്. പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ എംഎല്‍എ ഹോസ്റ്റലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്ന് ഹൈബി ഈഡനെതിരെ പരാതിക്കാരി മൊഴി നല്‍കിയിരുന്നു.
മൊഴിയുടെ അടിസ്ഥാനത്തില്‍ പരാതിക്കാരിയുടെ സാന്നിദ്ധ്യത്തില്‍ തെളിവെടുപ്പ് ഉള്‍പ്പെടെ നടത്തിയിരുന്നു. എന്നാല്‍ മൊഴിയനുസരിച്ചുള്ള തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചില്ല. മറ്റു കേസുകളില്‍ അന്വേഷണം നടന്നു വരികയാണെന്നും കോടതിയെ സിബിഐ അറിയിച്ചു.