ഗവര്‍ണറെ കാണാന്‍ ചീഫ് സെക്രട്ടറി രാജ് ഭവനില്‍
മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ തെളിവുകള്‍ പുറത്ത് വിടുമെന്ന മുന്നറിയിപ്പോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നടത്തുന്ന വാര്‍ത്താ സമ്മേളനത്തിനു തൊട്ടു മുമ്പായി ചീഫ് സെക്രട്ടറി വിപി ജോയി രാജ്ഭവനില്‍. രാവിലെ 11.45ന് ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പ് 11 മണിക്കാണ് ചീഫ് സെക്രട്ടറി രാജ്ഭവനിലെത്തിയത്.
അസാധാരണ നടപടിയിലേക്കു കടന്ന ഗവര്‍ണറുമായി അനുനയത്തിനു സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നു വാര്‍ത്തകള്‍ വന്നെങ്കിലും ലഹരിവിരുദ്ധ പരിപാടിക്കു ക്ഷണിക്കാനാണ് ചീഫ് സെക്രട്ടറി എത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
മുഖ്യമന്ത്രി തന്നോട് പല ആനൂകൂല്യങ്ങളും ചോദിച്ചിട്ടുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു. ചരിത്ര കോൺഗ്രസിലെ സംഘർഷത്തിലെ ഗൂഡോലചനയെ കുറിച്ചുള്ള വീഡിയോ ദൃശ്യങ്ങളും മുഖ്യമന്ത്രി അയച്ച കത്തുകളും പുറത്തുവിടാനാണ് രാജ്ഭവനിലെ അസാധാരണ വാർത്താസമ്മേളനം. അനുനയത്തിന് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ തന്നെ, ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രിമാരായ പി രാജീവും എംബി രാജേഷും രംഗത്തുവന്നു.