നാല് വയസുകാരന്റെ കാൽ സ്റ്റൗവിൽ വെച്ച് പൊള്ളിച്ചു; അമ്മയും രണ്ടാനച്ഛനും പിടിയിൽ
പാലക്കാട് നാല് വയസുള്ള ആൺകുട്ടിയെ മർദിക്കുകയും സ്റ്റൗ ഉപയോഗിച്ച് കാല് പൊള്ളിക്കുകയും ചെയ്ത സംഭവത്തിൽ കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ. കുട്ടിയുടെ കാല് സ്റ്റൗവിൽ വെച്ച് പൊള്ളിക്കുകയായിരുന്നു. അമ്മ രഞ്ജിതയും രണ്ടാനച്ഛൻ ഉണ്ണികൃഷ്ണനുമാണ് അറസ്റ്റിലായത്.
അഗളി ഓസത്തിയൂർ ഊരിലുള്ള രണ്ട് മക്കളുടെ അമ്മയായ രഞ്ജിത കുറച്ച് നാളുകളായി സുഹൃത്തായ ഉണ്ണികൃഷ്ണനൊപ്പം ഗൂളിക്കടവ് മാർക്കറ്റ് റോഡിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇവരുടെ കൂടെ ഉണ്ടായിരുന്ന ഇളയ മകനാണ് ക്രൂരമർദ്ദനം ഏൽക്കേണ്ടി വന്നത്. കുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് കേസ് എടുത്തത്.
വിലക്കിയിട്ടും കുട്ടി റോഡിൽ കളിക്കാൻ ഇറങ്ങിയതാണ് കാരണമെന്ന് അമ്മ രഞ്ജിതയുടെ മൊഴി. അങ്കണവാടിയിൽ പോകുന്നതിലും കുട്ടിക്ക് കളിക്കുന്നതിലാണ് താൽപര്യമെന്നതും ക്രൂരത കാട്ടാൻ പ്രേരിപ്പിച്ചു. മറ്റു ബന്ധുക്കളുടെ മൊഴി കുട്ടിയെ മനപ്പൂർവം പൊള്ളിക്കുകയായിരുന്നു എന്നാണ്. രണ്ടാനച്ഛൻ നിരന്തരം കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്നും പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ മൊഴിയും വിശദമായി പരിശോധിക്കുന്നുണ്ട്.
നിലവിൽ കുട്ടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ചികത്സയിലാണ്. കുട്ടിയുടെ കാൽപാദത്തിന്റെ അടിഭാഗം പൂർണമായും പൊള്ളിയിട്ടുണ്ട്. അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Content highlights – child, leg burned, mother and step father arrested