പോക്സോ കേസില്‍ ജാമ്യം തേടി ശ്രീജിത്ത് രവി ഹൈക്കോടതിയില്‍
പോക്സോ കേസിൽ റിമാൻഡിലുള്ള നടൻ ശ്രീജിത്ത് രവി ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസം തൃശ്ശൂർ അഡിഷണൽ സെഷൻസ് കോടതി ഉത്തരവിനെതിരെയാണ് ഹർജി. നടന്റെ ജാമ്യാപേക്ഷ ഇന്നു തന്നെ കോടതി പരിഗണിച്ചേക്കുമെന്നാണ് സൂചന. തൃശ്ശൂർ അയ്യന്തോളിൽ വെച്ച് പെൺകുട്ടികൾക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയെന്ന കേസിൽ കഴിഞ്ഞദിവസമാണ് ശ്രീജിത്ത് രവിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ 14 ദിവസത്തേക്ക് നടനെ കോടതി റിമാൻഡ് ചെയ്തിരുന്നു.
പതിനൊന്നും പതിനാലും വയസുള്ള പെൺകുട്ടികൾക്ക് നേരേ ശ്രീജിത്ത് രവി നഗ്നത പ്രദർശിപ്പിച്ചെന്നാണു പരാതി. ആഡംബര വാഹനത്തിലെത്തി ഇയാൾ അശ്ലീല പ്രദർശനം നടത്തിയെന്ന് കുട്ടികൾ രക്ഷിതാക്കളോടു പറഞ്ഞിരുന്നു. അടുത്ത ദിവസവും പ്രതി ഇതേ സ്ഥലത്തെത്തി നഗ്നത പ്രദർശനം നടത്തിയെന്നും സൂചനയുണ്ട്. ഇതോടെ കുട്ടികളുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പാർക്കിനു സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് നടനെ പൊലീസ് തിരിച്ചറിഞ്ഞത്. സ്വഭാവ വൈകൃതത്തിന്റെ ഭാഗമായാണ് സംഭവം ഉണ്ടായതെന്നും മാനസിക രോഗത്തിന് ചിൽകിത്സയിലാണെന്നും ഹർജിയിൽ പറയുന്നു.
സമാന കേസിൽ മുൻപു ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്. കോടതിയിൽ ഇതു ചൂണ്ടിക്കാട്ടിയ പൊലീസ്, പ്രതിക്കു ജാമ്യം നൽകരുതെന്നു നിലപാടെടുക്കുകയായിരുന്നു. 3 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റകൃത്യങ്ങളായ സ്ത്രീകൾക്കു നേരെയുള്ള അതിക്രമം തടയൽ, പോക്സോ വകുപ്പുകൾ എന്നിവ പ്രതിക്ക് മേൽ ചുമത്തിയിട്ടുണ്ട്. അതേസമയം, പ്രതി ചികിത്സയിൽ കഴിയുന്നയാളാണെന്നും മരുന്നു മുടങ്ങിയിരുന്നെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.
Content Highlights: treatment ,personality disorder, Sreejith Ravi ,bail , POCSO case , High Court