ഇന്ത്യയുടെ ‘ഇടപെടൽ’; ചാരക്കപ്പൽ യാത്ര നീട്ടുന്നതിൽ യോഗം വിളിച്ച് ചൈന
ചാരക്കപ്പലിന്റെ യാത്ര മാറ്റിവയ്ക്കണമെന്ന് ശ്രീലങ്ക ആവശ്യപ്പെട്ടതിനെ തുടർന്ന് ചൈന അടിയന്തര യോഗം വിളിച്ചു. കൊളംബോയിലെ ചൈനീസ് എംബസിയാണ് ശ്രീലങ്കയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. അത്യാധുനിക ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ്-5 ന്റെ വരവ് നീട്ടിവയ്ക്കാൻ ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിരുന്നു.
ഉപഗ്രഹങ്ങളെ നിരീക്ഷിക്കാനും സിഗ്നലുകൾ പിടിച്ചെടുക്കാനും കഴിവുള്ള കപ്പൽ ഇന്ധനം നിറയ്ക്കാനെന്ന പേരിൽ ബുധനാഴ്ച ഹംബൻടോട്ട തുറമുഖത്ത് എത്തേണ്ടതായിരുന്നു. ഒരുക്കങ്ങൾ പുരോഗമിക്കവേ, ഇന്ത്യ സ്വരം കടുപ്പിക്കുകയായിരുന്നു. കൂടുതൽ ചർച്ചകൾക്ക് ശേഷം കപ്പലിന്റെ വരവ് സംബന്ധിച്ച് തീരുമാനമെടുക്കാമെന്നും യാത്ര അതുവരെ നീട്ടണമെന്നും ആവശ്യപ്പെട്ട് ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം കൊളംബോയിലെ ചൈനീസ് എംബസിക്ക് കത്തയച്ചിരുന്നു.
കത്ത് ലഭിച്ചതിനെ തുടർന്ന് ചൈനീസ് എംബസി അടിയന്തര യോഗം വിളിച്ചതായാണ് റിപ്പോർട്ട്. ചാരക്കപ്പൽ യാത്രയുമായി ബന്ധപ്പെട്ട് ചൈനീസ് അംബാസഡർ ക്വി സെൻഹോങ്ങുമായി ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ ചർച്ച നടത്തിയതായി ചില ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ പ്രസിഡന്റിന്റെ ഓഫീസ് ഇത് നിഷേധിച്ചു.
Content Highlights – India, China, Spy ship’s voyage