ബഫര്‍ സോണ്‍ വിഷയത്തില്‍ കേരളം പുനഃപരിശോധനാ ഹര്‍ജി നല്കി
ബഫര്‍ സോണ്‍ വിഷയത്തില്‍ പുനഃപരിശോധനാ ഹര്‍ജി നല്കി കേരളം. വിധി നടപ്പിലാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ഭരണഘടന ഉറപ്പ് നല്കുന്ന ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുമെന്ന് ഹര്‍ജിയില്‍ കേരളം ചൂണ്ടിക്കാട്ടി. വന്യജീവി സങ്കേതങ്ങള്‍ക്കും സംരക്ഷിത ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ നിര്‍ബന്ധമാക്കിയ സുപ്രീം കോടതിക്കെതിരെയാണ് സംസ്ഥാനം പുനഃപരിശോധനാ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഒരു കിലോമീറ്റര്‍ മുതല്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കാനുള്ള വിധി എല്ലാ സ്ഥലങ്ങളിലും ഒരു പോലെ പ്രായോഗികമായി നടപ്പാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്ന് പുനഃപരിശോധനാ ഹര്‍ജിയില്‍ ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി. 2011 ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ജനസാന്ദ്രത രാജ്യത്തെ ജനസാന്ദ്രതയുടെ രണ്ടിരട്ടിയാണ്. ചെറുതും വലുതുമായ പല ടൗണ്‍ ഷിപ്പുകളും കേരളത്തിലെ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശത്ത് ഉണ്ടെന്നും കേരളം വ്യക്തമാക്കി.
പരിസ്ഥിതിലോല പ്രദേശം നിര്‍ണയത്തില്‍ ഓരോ സ്ഥലത്തെയും ഘടകങ്ങള്‍ കണക്കിലെടുക്കണം. സുപ്രീം കോടതിയുടെ അനുമതിയോടെ 28,588.159 ഹെക്ടര്‍ ഭൂമിയുടെ പട്ടയം കൈയേറ്റക്കാര്‍ക്ക് സംസ്ഥാനം നല്‍കിയിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം ഭൂമിയും വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ മുതല്‍ ചുറ്റളവിലാണ്. ഇതില്‍ പലതും ഇപ്പാള്‍ ടൗണ്‍ ഷിപ്പുകളായിട്ടുണ്ട്. ഭൂലഭ്യത കുറവുള്ള കേരളത്തില്‍ ഇവരെ ഇനി പുനരധിവസിപ്പിക്കാന്‍ സാധ്യമല്ലെന്നും സത്യവാങ്മൂലത്തില്‍ കേരളം കോടതിയെ അറിയിച്ചു.