പരീക്ഷണത്തിനൊരുങ്ങി കെ എസ് ആര്‍ടി സി; ക്ലാസ് മുറികളാവാൻ ലോഫ്ളോര്‍ ബസുകള്‍
പൊളിക്കാൻ തീരുമാനിച്ച കെഎസ്ആര്‍ടിസി ലോഫ്ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കി മാറ്റുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പൊളിച്ചു വില്‍ക്കാനായി മാറ്റിവെച്ച ബസുകൾ പല വകുപ്പുകൾക്കും കൈമാറാറുണ്ട്. അത്തരത്തിൽ ആണ് മണക്കാട് ടി ടി ഐ ക്ക് ബസുകൾ കൈമാറുന്നത്. പൊളിച്ചു വിൽക്കുമ്പോൾ തുച്ഛമായ വിലമാത്രമേ ലഭിക്കുന്നുള്ളൂ. മാത്രമല്ല സർക്കാറിന്റെ വസ്തുവകകൾ പൊളിച്ചു വിൽക്കുക എന്നത് വലിയ നടപടിക്രമങ്ങൾ ആവശ്യമുള്ള ഇടപെടലാണ്. അത് മറികടക്കാൻ കൂടിയാണ് ഈ തീരുമാനം.
വിദ്യാഭ്യാസ വകുപ്പും ഗതാഗത വകുപ്പും സംയുക്തമായി ചേര്‍ന്നാണ് പുതിയ പരീക്ഷണത്തിന് തയ്യാറെടുക്കുന്നത്. മന്ത്രി വി ശിവന്‍കുട്ടിയുടേതാണ് ലോ ഫ്ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കാനുള്ള ആശയം.
ബസുകള്‍ സ്കൂള്‍ കോമ്പൗണ്ടില്‍ വന്ന് ക്ലാസ് മുറികളായി തിരിച്ച്, രണ്ട് മുതല്‍ നാല് വരെയുള്ള ക്ലാസ്മുറികള്‍ക്കുള്ള ഇടം കണ്ടെത്തുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ രണ്ട് ലോഫ്ളോര്‍ ബസുകളാണ് ക്ലാസ്മുറികളാവുക. ഈ പരീക്ഷണം വിജയിക്കുകയാണെങ്കിൽ വിപുലമായ രീതിയിൽ പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം.
Content Highlight – KSRTC low-floor buses will be converted into classrooms.