ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ സത്യപ്രതിജ്ഞ ചെയ്തു
ത്രിപുരയിലെ പതിനൊന്നാമത് മുഖ്യമന്ത്രിയായി ഡോ. മണിക് സാഹ (Manik Saha) സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ 11.30 ന് രാജ്ഭവനില്‍ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. ബിപ്ലവ് കുമാര്‍ ദേബിന്റെ രാജിയെ തുടര്‍ന്ന് ബിജെപിയുടെ പാര്‍ലമെൻ്ററി പാര്‍ട്ടി യോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്.
മുൻ കോൺഗ്രസ് നേതാവായ മണിക് സാഹയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത് പാര്‍ട്ടിക്കുള്ളില്‍ത്തന്നെ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തിനിടെ കൈയ്യാങ്കളിയും ഉണ്ടായി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് സംഘര്‍ഷം. മന്ത്രി രാംപ്രസാദ് പോള്‍ കസേര എടുത്ത് നിലത്തടിച്ചു ഒടിച്ചു. കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തിലാണ് സംഘര്‍ഷം ഉണ്ടായത്. ഉപമുഖ്യമന്ത്രി ജിഷ്ണു ദേബ് വര്‍മയെ പിന്തുണക്കുന്നയാളാണ് രാംപ്രസാദ് പോള്‍. പുതിയ മുഖ്യമന്ത്രിയെ നേതൃത്വം അടിച്ചേല്‍പ്പിക്കുകയായിരുന്നു എന്ന് എംഎല്‍എമാര്‍ ആരോപണം ഉയര്‍ത്തി.
കോൺഗ്രസ് നേതാവായിരുന്ന മണിക് സാഹ 2016-ലാണ് ബിജെപിയിൽ ചേർന്നത്. 2020-ൽ സാഹയെ ബിജെപി സംസ്ഥാന അധ്യക്ഷനായി തെരെഞ്ഞെടുത്തിരുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ സാഹയെ ബിജെപി രാജ്യസഭയിലേയ്ക്ക് തെരെഞ്ഞെടുക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സാഹയെ മുഖ്യമന്ത്രിയായി സ്ഥാനാരോഹണം ചെയ്തത്.
കാല് നൂറ്റാണ്ട് നീണ്ട ചെങ്കോട്ട തകര്‍ത്ത് അധികാരം പിടിച്ച ത്രിപുര(Tripura)യില്‍ തുടര്‍ ഭരണം ഉറപ്പിക്കാനാണ് മുഖ്യമന്ത്രിയെ മാറ്റിയുള്ള ബിജെപിയുടെ പരീക്ഷണം. സമീപകാലത്ത് മറ്റ് പല സംസ്ഥാനങ്ങളില്‍ ഫലം കണ്ട തന്ത്രം ത്രിപുരയിലും വിജയിക്കും എന്ന പ്രതീക്ഷിയിലാണ് ബിജെപി. വികസന മുരടിപ്പ്, തൊഴിലില്ലായ്മ എന്നീ രണ്ട് വിഷയങ്ങള്‍ പ്രധാന പ്രചരണ വിഷയമാക്കി യുവാക്കളുടെ വന്‍ പിന്തുണ നേടിയാണ് ത്രിപുരയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്.
Content Highlight: Manik Saha sworn in as Tripura CM