കൊലപാതക കേസിലെ പ്രതികളുമായി ജഡ്ജിക്ക് ബന്ധമുണ്ടെന്ന ഹൈക്കോടതി പരാമർശം നീക്കി സുപ്രീം കോടതി
കിഴക്കമ്പലം ട്വന്റി ട്വന്റി പ്രവര്ത്തകന് ദീപുവിന്റെ കൊലപാതക കേസിൽ കൊലപാതകികളുടെ രാഷ്ട്രീയ പാര്‍ട്ടിയുമായി ജഡ്ജി ഹണി എം. വര്‍ഗീസിന് അടുത്ത ബന്ധമുണ്ടെന്ന ഹൈക്കോടതി ഉത്തരവിലെ പരാമര്‍ശം സുപ്രീം കോടതി നീക്കി. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് ഇത്തരം പരാമര്‍ശങ്ങള്‍ അനുവദനീയമല്ലെന്ന് ജസ്റ്റിസ്മാരായ എസ് അബ്ദുള്‍ നസീര്‍, ജെ മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
സിപിഎം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തൃശൂര്‍ കോടതിയിലേക്ക് മാറ്റിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലായിരുന്നു ജഡ്ജി ഹണി എം വര്‍ഗീസിന് എതിരെ പ്രതികൂല പരാമര്‍ശങ്ങള്‍ ഹൈക്കോടതി നടത്തിയത്. ഫേസ് ബുക്ക് പോസ്റ്റുകളില്‍ നിന്ന് ജഡ്ജിക്ക് സിപിഎം അടുപ്പമുണ്ട് എന്ന് ദീപുവിന്റെ അച്ഛന് കുഞ്ഞാരു ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. അതിനാല്‍ ദീപു വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ തനിക്ക് നീതിപൂര്‍ണ്ണമായ നിലപാട് ജഡ്ജി ഹണി എം വര്‍ഗീസില്‍ നിന്ന് ലഭിക്കില്ലെന്നായിരുന്നു കുഞ്ഞാരു ഹൈക്കോടതിയില്‍ ആരോപിച്ചിരുന്നത്. ഈ ആരോപണം ഹൈക്കോടതി ഉത്തരവില്‍ രേഖപ്പെടുത്തുകയും ചെയ്തു.
രാഷ്ട്രീയ ബന്ധത്തെ സംബന്ധിച്ച ഹൈക്കോടതി പരാമര്‍ശം തികച്ചും അനാവശ്യമാണെന്ന് ഹണി എം വര്‍ഗീസിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് വി ഗിരി വാദിച്ചു. ജുഡീഷ്യല്‍ ഓഫീസര്‍ക്ക് സംരക്ഷണം നല്കുന്ന നിലപാടാണ് ഹൈകോടതി സ്വീകരിക്കേണ്ടിയിരുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹണി എം വര്‍ഗീസിന് വേണ്ടി സീനിയര്‍ അഭിഭാഷകന് വി ഗിരിയും, അഭിഭാഷക ലിസ് മാത്യുവും ആണ് ഹാജരായത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ പരാമര്‍ശമെന്ന് ദീപുവിന്റെ അച്ഛന് കുഞ്ഞാരുവിന് വേണ്ടി ഹാജരായ അഭിഭാഷകന് ഹാരിസ് ബീരാന് ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷ പരിഗണിക്കുന്ന ബെഞ്ച് മാറ്റിയതിനാല്‍ കുഞ്ഞാരുവിന്റെ ആവശ്യം പരിഗണിക്കപ്പെട്ടുവെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് ഹാജരായി. എന്നാല്‍, സര്‍ക്കാര്‍ കേസില്‍ പ്രത്യേകിച്ച് ഒരു നിലപാടും സുപ്രീം കോടതിയില്‍ സ്വീകരിച്ചില്ല എന്നത് ശ്രദ്ധേയമാണ്.
Content Highlights: Supreme Court ,High Court ,reference , judge ,accused,murder case