നെഹ്റു ട്രോഫി വള്ളംകളി; പനകൊണ്ടുള്ള തുഴ നിർബന്ധമാക്കിയ കളക്ടറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് മത്സര ടീമുകൾ
ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളിക്ക് ഒരാഴ്ച മാത്രം ബാക്കി നിൽക്കേ പനകൊണ്ടുള്ള തുഴ നിർബന്ധമാക്കിയ ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ രണ്ട് ടീമുകൾ ഹൈക്കോടതിയെ സമീപിച്ചു.
വള്ളംകളിക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ടീമുകൾ അവസാനവട്ട പരിശീലനത്തിലാണ്. ഇതിനിടെയാണ് മല്‍സരത്തിന് ഉപയോഗിക്കുന്ന തുഴയെ ചൊല്ലി വിവാദം. ഭാരം കുറഞ്ഞ തടികൊണ്ടുള്ള തുഴകൾ ഒഴിവാക്കണമെന്ന് സംഘാടക സമിതി ചെയര്മാന് കൂടിയായ ജില്ല കലക്ടറുടെ ഉത്തരവാണ് തർക്കത്തിന് വഴിവെച്ചിരിക്കുന്നത്.
പന കൊണ്ട് നിർമിച്ച തുഴ മാത്രമേ അനുവദിക്കുകയുള്ളു എന്നാണ് പുതിയ നിർദേശം. എന്നാൽ ഇത്രനാളും തടി കൊണ്ടുള്ള തുഴ ഉപയോഗിച്ച് പരിശീലനം നടത്തിയവർ പുതിയ തീരുമാനം അംഗീകരിക്കാൻ തയ്യാറല്ല. ഇതിനെതിരെ രണ്ടു ടീമുകൾ ഹൈക്കോടതിയെ സമീപിച്ചു. പൊലീസ് ടീം തുഴയുന്ന ചമ്പക്കുളം ചുണ്ടനും സെന്റ് ജോണ്‍സ് തെക്കേക്കര ക്ലബ്ലിന്റെ വെള്ളക്കുളങ്ങര ചുണ്ടനുമാണ് കോടതിയിയെ സമീപിച്ചത്.
പന കൊണ്ടുള്ള തുഴ നിർബന്ധമാക്കിയത് നെഹ്റു ട്രോഫി ഗൈഡ് ലൈൻ പ്രകാരമാണെന്നാണ് കമ്മിറ്റിയുടെ വിശദീകരണം. കഴിഞ്ഞ ദിവസം നടന്ന ക്ലബ്ബുകളുടെ യോഗത്തിലും ഇതേ ചൊല്ലി തർക്കം ഉയര്‍ന്നിരുന്നു.
Content highlights – Nehru trophy boat race, teams approach High Court