നോയിഡയില്‍ പൊളിച്ച് നീക്കിയ ഇരട്ട കെട്ടിടങ്ങൾക്ക് പകരം പുതിയ ഭവന പദ്ധതി
നോയിഡയില്‍ പൊളിച്ച് നീക്കിയ ഇരട്ട കെട്ടിടങ്ങളുടെ സ്ഥാനത്ത് പുതിയ പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി സൂപ്പര്‍ടെക് ലിമിറ്റഡ്. എമറാള്‍ഡ് കോടതിയിലെ വീട് വാങ്ങുന്നവരുടെ സമ്മതവും നോയിഡ അതോറിറ്റിയുടെ അനുമതിയും ലഭിച്ച ശേഷം പദ്ധതി ആരംഭിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. ആഗസ്റ്റ് 28നാണ് അനധികൃതമായി നിർമ്മിച്ച സൂപ്പർടെക് ഇരട്ട കെട്ടിടങ്ങൾ പൊളിച്ച് നീക്കിയത്.
കൊച്ചിയിലെ മരടിൽ അനധികൃത ഫ്ലാറ്റുകൾ പൊളിച്ച് നീക്കിയ ജോ ബ്രിങ്ക്മാന്റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കൻ സംഘമായിരുന്നു നോയിഡയിലെ കെട്ടിടങ്ങൾ പൊളിച്ചത്. സെക്ടർ 93എ-യിലെ കെട്ടിടങ്ങൾ സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് പൊളിച്ചുമാറ്റിയത്. എന്നാൽ രണ്ട് ടവറുകള്‍ ഉള്‍പ്പെടെയുള്ള പദ്ധതിയുടെ ബില്‍ഡിംഗ് പ്ലാനുകള്‍ക്ക് 2009 ല്‍ അന്നത്തെ ബില്‍ഡിംഗ് ബൈലോകള്‍ക്ക് അനുസൃതമായി നോയിഡ അതോറിറ്റി അംഗീകാരം നല്‍കിയിരുന്നെന്നാണ് സൂപ്പര്‍ടെക് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ആര് കെ അറോറ പറയുന്നത്.
അതോറിറ്റി അനുവദിച്ച ഭൂമിയില്‍ നിര്‍മ്മിച്ച സെക്ടര്‍ 93 എയിലെ എമറാള്‍ഡ് കോര്‍ട്ട് പ്രോജക്ടിന്റെ ഭാഗമാണ് ഇരട്ട കെട്ടിടങ്ങൾ. മുഴുവൻ പണവും അതോറിറ്റിക്ക് അടച്ചാണ് കെട്ടിടം നിര്‍മ്മിച്ചതെന്നാണ് അറോറ പറയുന്നത്. 17.5 കോടി രൂപ സുപ്രീം കോടതിവിധിപ്രകാരം പൊളിക്കലുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കമ്പനി നല്‍കിയിരുന്നു. അപെക്സ്, സെയാന്‍ എന്നീ ഇരട്ട ടവറുകളിൽ വീട് വാങ്ങിയവരില്‍ 95 ശതമാനം പേര്‍ക്കും കമ്പനി പണം നല്കി. ബാക്കിയുള്ള 5 ശതമാനം ആളുകള്‍ക്ക് പലിശ സഹിതം പണം തിരികെ നല്‍കുമെന്ന് അറോറ അറിയിച്ചു.
Content highlights – New housing project, demolished twin, noida