പോപ്പുലർ ഫ്രണ്ട് പരിപാടിയിൽ ഉദ്ഘാടകനായി സര്‍ക്കാര്‍ ചീഫ് വിപ്പ് എൻ ജയരാജ്; അറിഞ്ഞിട്ടില്ലെന്ന് പ്രതികരണം
പോപ്പുലര്‍ ഫ്രണ്ട് പരിപാടിയുടെ നോട്ടീസില്‍ ഉദ്ഘാടകനായി സര്‍ക്കാര്‍ ചീഫ് വിപ്പ് എൻ ജയരാജ്. പോപ്പുലര്‍ ഫ്രണ്ടിന്റെ വാഴൂര്‍ ഏരിയാ സമ്മേളനത്തിന്റെ നോട്ടീസിലാണ് ഉദ്ഘാടകനായി എന്‍ ജയരാജിന്റെ പേരുള്ളത്. ചീഫ് വിപ്പിന്റെ പേര് സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടകനായാണ് ഉൾപ്പെടുത്തിരിയിരിക്കുന്നത്.
നോട്ടീസ് പുറത്തുവന്നതോടെ ബിജെപി രംഗത്തെത്തി. പോപ്പുലര്‍ ഫണ്ട്-കേരള കോണ്‍ഗ്രസ് ബന്ധം ആരോപിച്ചാണ് ബിജെപി രംഗത്തെത്തിയത്. ജയരാജ് പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത് യാദൃശ്ചികമായിട്ടല്ല. കേരളത്തിലെ സര്‍ക്കാരിന്റെ നിലപാട് ഇതാണോ എന്ന് വ്യക്തമാക്കണമെന്നും ബിജെപിയുടെ മധ്യ മേഖല പ്രസിഡന്റ് എന്‍ ഹരി പറഞ്ഞു.
അതെ സമയം തന്നോട് ചോദിച്ചിട്ടല്ല നോട്ടീസിൽ പേര് വെച്ചതെന്നാണ് എൻ ജയരാജിന്റെ പ്രതികരണം. ‘നാട്ടൊരുമ’ പരിപാടിക്ക് എന്ന പേരിലാണ് പരിചയമുള്ള ഒരാള്‍ തന്നെ വിളിച്ചത്. പോപ്പുലര്‍ ഫ്രണ്ട് പരിപാടി ആണെന്ന് അറിഞ്ഞപ്പോൾ തന്നെ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ഇപ്പോൾ ഇത് പ്രചരിപ്പിക്കാൻ എന്താണ് കാരണമെന്ന് അറിയില്ലെന്നും ജയരാജ് വ്യക്തമാക്കി.
Content highlights – Government chief whip, N jayaraj, popular front