ലുലു മാൾ മലപ്പുറത്തെന്നാ ഉണ്ടാക്കാത്തെ? മുസ്ലീങ്ങളുടെ ഹോട്ടലുകളിലെ ചായയിൽ ഇതരമതസ്ഥർക്ക് വന്ധ്യംകരണത്തിനുള്ള മരുന്ന് ഒഴിച്ച് നൽകുന്നു; ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കണം: വർഗീയ വിഷം ചീറ്റുന്ന പ്രസംഗവുമായി പിസി ജോർജ്ജ്
തിരുവനന്തപുരത്ത് നടക്കുന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിൽ മുസ്ലീം വിരുദ്ധവും വർഗീയ വിദ്വേഷം വമിപ്പിക്കുന്നതുമായ പ്രസംഗവുമായി പിസി ജോർജ്ജ്. ലുലു മാൾ മലപ്പുറത്തും കോഴിക്കോട്ടും ഉണ്ടാക്കാത്തത് യൂസഫലിക്ക് മുസ്ലീങ്ങളുടെ പണം വേണ്ടാത്തതുകൊണ്ടാണെന്നും മുസ്ലീമിതരരാണ് ലുലു മാൾ അടക്കമുള്ള മുസ്ലീം ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ പണം ചെലവാക്കുന്നതെന്നും പി.സി.ജോർജ്ജ് ആരോപിച്ചു. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ മൂന്നാംദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.സി.ജോർജ്ജിൻ്റെ പ്രസംഗത്തിനെതിരെ വലിയ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
“യൂസഫലി മലപ്പുറത്തെന്നാ മാളുണ്ടാക്കാത്തെ? കോഴിക്കോട്ടെന്താ മാളുണ്ടാക്കാത്തെ? ഞാൻ ചോദിച്ചു നേരിട്ട്. എന്താ കാര്യം? മുസ്ലീങ്ങളുടെ കാശങ്ങേർക്ക് വേണ്ട. നിങ്ങടെ കാശുമതി. നിങ്ങൾ ഒരു രൂപ പോലും ഇത്തരം സ്ഥാപനങ്ങൾക്ക് കൊടുക്കാൻ പാടില്ല.” – പിസി ജോർജ്ജ് പറഞ്ഞു.
മുസ്ലീം ഉടമസ്ഥതയിലുള്ള ഭക്ഷണശാലകളിൽ ഇതരമതസ്ഥരെ വന്ധ്യംകരിക്കുന്നതിനുള്ള മരുന്ന് ചായയിലും മറ്റും കലക്കിക്കൊടുക്കുന്നുവെന്നും പി.സി.ജോർജ്ജ് ആരോപിച്ചു.
“ഇവരുടെ ഹോട്ടലുകളിലൊക്കെ, ഞാൻ കേട്ടതു ശരിയാണെങ്കിൽ, പലതും ഉണ്ടായിട്ടുണ്ട്. ഒരു ഫില്ലർ വെച്ചിരിക്കുവാ, ചായയ്ക്കകത്ത് ഒരുതുള്ളി, ഒറ്റത്തുള്ളി ഒഴിച്ചാ മതി. പിന്നെ പിള്ളേരുണ്ടാകുകേല. ഇമ്പൊട്ടൻ്റ് ആയിപ്പോകും. അതായത് വന്ധ്യം കരിക്കുകയാ. പുരുഷനെയും സ്ത്രീയെയും. അങ്ങനെ ഇന്ത്യാരാജ്യം പിടിച്ചടക്കണെമെന്നാണ് അവർ ആഗ്രഹിക്കുന്നത്. ഒന്നാലോചിച്ചുനോക്കിയേ എവിടെപ്പോയി നിൽക്കും നിങ്ങൾ?” പി.സി.ജോർജ്ജ് പറഞ്ഞു.
ലവ് ജിഹാദ് പോലെയുള്ള വർഗീയ ആരോപണങ്ങളും പി.സി.ജോർജ്ജ് ഉയർത്തി. മുസ്ലീം സ്ത്രീകൾ മറ്റുമതസ്ഥരായ പെൺകുട്ടികളുമായി സൗഹൃദമുണ്ടാക്കി അവരെ മുസ്ലീം യുവാക്കളുമായി അടുപ്പിക്കുമെന്നും ഇത്തരത്തിലാണ് ലവ് ജിഹാദ് നടക്കുന്നതെന്നും പി.സി.ജോർജ്ജ് ആരോപിച്ചു. പിണറായി വിജയൻ പറയുന്നത് ലവ് ജിഹാദ് ഇല്ലെന്നാണെന്നും എന്നാൽ ലവ് ജിഹാദിനെ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ സാങ്കേതികമായി വേർതിരിച്ചറിയാൻ സാധിക്കാത്തതാണെന്നും പി.സി.ജോർജ്ജ് വാദിച്ചു.
കൊലപാതക രാഷ്ട്രീയം ശരിയല്ലെന്നു പറയാന്‍ മുസ്ലീം സംഘടനകള്‍ തയ്യാറാകണമെന്നും എസ്ഡിപിഐ കൊലപാതകരാഷ്ടീയം ഉപേക്ഷിക്കണമെന്നും പി.സി.ജോർജ്ജ് പറഞ്ഞു. ആലപ്പുഴയിലും പാലക്കാട്ടും കൊല്ലപ്പെട്ട എസ്ഡിപിഐക്കാര് കൊലപാതകത്തില്‍ പങ്കെടുത്തവരാണെന്നും അവരാല്‍ കൊല്ലപ്പെട്ടവര്‍ നിരപരാധികളാണെന്നും ജോർജ്ജ് ആരോപിച്ചു.
ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കണമെന്നും പി.സി.ജോർജ്ജ് അഭിപ്രായപ്പെട്ടു. ഭാരതം ഹിന്ദു രാഷ്ടമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഭാരതത്തെ ഹിന്ദു രാഷ്ടമായി പ്രഖാപിക്കണം. ഹിന്ദുത്വം എല്ലാവരേയും സഹകരിക്കുന്ന സംസ്കാരമാണെന്നും പി.സി.ജോർജ്ജ് പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ ഭാരത സംസ്കാരം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സമൂഹം കുറഞ്ഞു വരുന്നു.
ഹൈന്ദവ വിശ്വാസത്തെ തകര്‍ത്തു എന്നു വരുത്തി തീര്‍ക്കാന്‍ പിണറായി വിജയന് നടത്തിയ ശ്രമമായിരുന്നു ശബരിമലയില്‍ കണ്ടതെന്നും പി.സി.ജോർജ്ജ് ആരോപിച്ചു . വിശ്വാസികള്‍ക്കൊപ്പം നിന്ന് ചെറുത്ത് നില്പിന് നേതൃത്വം നല്കാനായതില് അഭിമാനിക്കുന്നു. അയ്യപ്പന് ഒരു യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ട് തന്നെ ശബരിമലയുടെ പേരില്‍ തെരഞ്ഞെടുപ്പില്‍ തോറ്റതില്‍ ഒരു വിഷമവും ഇല്ലെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
ക്ഷേത്രങ്ങളുടെ ഭരണം ഹിന്ദുക്കള്‍ക്ക് ലഭിക്കാന്‍ വേണ്ടി ഹൈന്ദവ സംഘടനകള്‍ ഒന്നിച്ചു പോരാട്ടത്തിന് തയ്യാറാകണമെന്നും പി.സി.ജോർജ്ജ് അഭിപ്രായപ്പെട്ടു. ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും അവരുടെ പള്ളികള്‍ നിയന്ത്രിക്കാമെങ്കില്‍ എന്തുകൊണ്ടാണ് ക്ഷേത്രങ്ങള്‍ മാത്രം സര്‍ക്കാര്‍ ഭരിക്കുന്നതെന്നും പിസി ജോർജ്ജ് ചോദിച്ചു .
ഹൈന്ദവരും കൃസ്ത്യാനികളും സന്താനങ്ങളുടെ എണ്ണം കൂട്ടി ജനസംഖ്യ വർദ്ധിപ്പിക്കണമെന്നും പിസി ജോർജ്ജ് പറഞ്ഞു. കുറഞ്ഞത് നാല് കുട്ടികള്‍ എങ്കിലും വേണമെന്ന് ഓരോ ഹൈന്ദവ-ക്രൈസ്തവ ദമ്പതിമാരും തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ അഡ്വ.കൃഷ്ണരാജ് അധ്യക്ഷത വഹിച്ചു. സന്ദീപ് വാചസ്പതി, വടയാര്‍ സുനില്‍ , അജിത്കുമാര്‍, എകെഎന്‍ അരുണ്‍ എന്നിവര്‍ സംസാരിച്ചു.
ശനിയാഴ്ച നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി വി.മുരളീധരന് ഉദ്ഘാടനം ചെയ്യും. സന്ദീപ് ജി വാര്യര്‍, ശങ്കു. ടി. ദാസ്, ജി.കെ സുരേഷ് ബാബു എന്നിവര്‍ പങ്കെടുക്കും. രാവിലെ 10 മണിമുതല്‍ വൈകുന്നേരം നാലുമണിവരെ നടക്കുന്ന ഹിന്ദു യൂത്ത് കോണ്‍ക്ലേവില്‍ പ്രമുഖ എഴുത്തുകാരന് ആനന്ദ് രംഗനാഥന് പങ്കെടുക്കും. ശങ്കു ടി ദാസ്, ഡോ. ബല്‍റാം കൈമള്‍, അര്ജുന് മാധവ്, ഹരിപ്രസാദ് എന്നിവര്‍ സെമിനാറിലെ വിവിധ സെഷനുകളില്‍ സംവദിക്കും.
Content Highlight: Former MLA PC George delivers a bigoted AntiMuslim speech in the Ananthapuri Hindu Mahasammelan