കരുവന്നൂർ സഹകരണ ബാങ്കിൽ എൻഫോഴ്സ്മെന്റിന്റെ മിന്നൽ പരിശോധന
തൃശൂരിലെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ എൻഫോഴ്സ്മെന്റിന്റെ അപ്രതീക്ഷിത നീക്കം. സി.ബി.െഎ. അന്വേഷിക്കണമെന്ന ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുകയും തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോർട്ട് കീഴ്ക്കോടതിയിൽ സമർപ്പിക്കുകയും ചെയ്ത അതേസമയത്താണ് ബാങ്കിൽ എൻഫോഴ്സമെന്റിന്റെ മിന്നൽ പരിശോധന.
ചില നേതാക്കളുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വലിയ തുക നൽകിയതായി പ്രതികളിൽ ചിലർ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. ഇക്കാര്യംകൂടി കണ്ടെത്തുകയാണ് ഇ.ഡി.യുടെ ലക്ഷ്യം. ബാങ്കിലെ ബിനാമി നിക്ഷേപവും പാർട്ടി ഫണ്ടിലേക്കുള്ള ഒഴുക്കും ഉൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്തുകയും ഇ.ഡി.യുടെ ലക്ഷ്യമാണ്.
സഹകരണ വകുപ്പിന്റെയും പോലീസിന്റെയും അന്വേഷണ റിപ്പോർട്ടിലെ വൈരുധ്യം പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുമെന്ന ആരോപണം ശക്തമായി ഉയർന്നിരുന്നു. 2019-ലെ ജോയന്റ് രജിസ്ട്രാറുടെ ഉത്തരവ് പ്രകാരമുള്ള അന്വേഷണ റിപ്പോർട്ടിൽ 300 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ്. ഇതുപ്രകാരമാണ് പോലീസും ക്രൈംബ്രാഞ്ചും കേസന്വേഷിക്കുന്നത്.
എന്നാൽ, സഹകരണ നിയമത്തിലെ വകുപ്പ് 65 പ്രകാരം ഉന്നതതലസംഘം നടത്തിയ അന്വേഷണത്തിൽ 227 കോടിയുടെ തട്ടിപ്പാണ് നടന്നത്. സഹകരണവകുപ്പ് 68 പ്രകാരം നടത്തിയ അന്വേഷണത്തിൽ നഷ്ടം 104 കോടിയുടേതാണെന്ന് മന്ത്രി പറയുന്നത്. ഈ റിപ്പോർട്ട് വകുപ്പ് പുറത്തുവിട്ടിട്ടുമില്ല. ഈ കോടികളെല്ലാം വന്നുപോയ വഴി വിശദമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും