നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം സുപ്രീം കോടതി തള്ളി
നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി സുപ്രീം കോടതി. ജഡ്ജിയെ മാറ്റുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ അജയ് രസ്തോഗി, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് അതിജീവിതയുടെ ഹര്‍ജിയില്‍ വിധി പറഞ്ഞത്. ജഡ്ജിയും ദിലീപുമായി നേരിട്ട് ബന്ധമുണ്ടെന്നതിന് തെളിവുണ്ടോയെന്ന് കോടതി ചോദിച്ചു.
പോലീസിന് ലഭിച്ച ശബ്ദരേഖയില്‍ വിചാരണക്കോടതി ജഡ്ജിയുമായി പ്രതി ബന്ധം സ്ഥാപിച്ചുവെന്നത് വ്യക്തമാണെന്നും അതുകൊണ്ട് നീതിലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നുമായിരുന്നു അതിജീവിത കോടതിയില്‍ ഉന്നയിച്ച വാദം. ജഡ്ജിയുമായി ബന്ധമുള്ള ഒരു അഭിഭാഷകന്റെ ശബ്ദരേഖയാണ് പോലീസിന് ലഭിച്ചത്. എക്സൈസ് വകുപ്പില്‍ ജോലിചെയ്യുന്ന ജഡ്ജിയുടെ ഭര്‍ത്താവ് കസ്റ്റഡി കൊലപാതക കേസില്‍ അന്വേഷണം നേരിടുകയാണെന്നും അതിജീവിത സുപ്രീംകോടതിയില്‍ ഫയല്‍ചെയ്ത അപ്പീലില്‍ ആരോപിച്ചിരുന്നു.
മുന്‍വിധിയോടെയാണ് സെഷന്‍സ് ജഡ്ജി പ്രോസിക്യൂഷനോട് പെരുമാറുന്നത്. ഇതിനോടകം രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ കേസില്‍നിന്ന് പിന്മാറി. വിസ്താരത്തിനിടയില്‍ പ്രതിയുടെ അഭിഭാഷകന് അന്തസ്സും മാന്യതയും ഹനിക്കുന്ന ചോദ്യങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ ഇത് തടയാന്‍ സെഷന്‍സ് ജഡ്ജി തയ്യാറായില്ലെന്നും അതിജീവിത ആരോപിച്ചിരുന്നു.