കാറിൽ പിന്‍സീറ്റുകാരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കേന്ദ്രമന്ത്രി നിതില്‍ ഗഡ്കരി
കാറിന്റെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ്ബെല്‍റ്റ് നിര്‍ബന്ധമാക്കി കേന്ദ്രമന്ത്രി നിതില്‍ ഗഡ്കരി. നിയമം ലംഘിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കുമെന്നും മന്ത്രി ചൊവ്വാഴ്ച പറഞ്ഞു. ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാനായിരുന്ന സൈറസ് മിസ്ത്രി കാര്‍ അപകടത്തില്‍ മരിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം. സൈറസ് മിസ്ത്രി സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ ഇരുന്നാൽ ബീപ് ചെയ്യുന്ന സുരക്ഷാ അലാറങ്ങള്‍ ഇനി മുതല്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ബാധകമാകുന്ന വിധത്തില്‍ മാറ്റമുണ്ടാകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. പുതിയ നിയമം എല്ലാ തരത്തിലുള്ള കാറുകൾക്കും ബാധകമായിരിക്കും. പൊതുവെ എല്ലാവരുടെയും ധാരണ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സീറ്റ് ബെല്‍റ്റ് വേണ്ടെന്നാണ്. അത് ശരിയല്ല, പിന്‍സീറ്റുകാരും സീറ്റ് ബെല്‍റ്റ് ധരിക്കണം. ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കും. 1000 രൂപയായിരിക്കും കുറഞ്ഞ പിഴയെന്ന് നിതിന്‍ ഗഡ്കരി വ്യക്തമാക്കി. പിഴ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വിഞ്ജാപനമായി പുറത്തിറക്കും.
സർക്കാരിന്റെ ലക്ഷ്യം പിഴയിലൂടെ ലഭിക്കുന്ന പണമല്ല മറിച്ച് സുരക്ഷിതത്വവും ജാഗ്രതയും ജനങ്ങള്‍ക്കിടയിലെ ബോധവല്‍ക്കരണവുമാണെന്നും ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ കേന്ദ്രമന്ത്രി വ്യക്തമാക്കുന്നുണ്ട്. വാഹനാപകടങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കും. 2024-ഓടെ 50 ശതമാനമെങ്കിലും റോഡപകടങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികളാണ് ആവിഷ്കരിക്കുന്നതെന്നും നിതിന്‍ ഗഡ്കരി അറിയിച്ചു.
content highlights – Nitin Gadkari, Rear seats, Seat belt