സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതി- മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. വിധി ചൊവ്വാഴ്ച
ലൈംഗിക പീഡന കേസില്‍ എഴുത്തുകാരന് സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ചൊവ്വാഴ്ച വിധി പറയും. കേസില്‍ അറസ്റ്റ് കോടതി ഇന്നുവരെ തടഞ്ഞിരുന്നു. എസ്.സി എസ്.ടി ആക്ട് പ്രകാരമുള്ള കുറ്റം നിലനില്‍ക്കുമെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും ജില്ലാ പ്രോസിക്യൂട്ടര്‍ വാദിച്ചു.
മാത്രമല്ല ഇതേ ആള്‍ക്കെതിരെ വീണ്ടും പീഡന പരാതി വന്നിട്ടുണ്ടെന്നും പ്രോസിക്യൂഷന് കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ ഊന്നുവടിയില്ലാതെ നടക്കാന്‍ പോലുമാകാത്തയാളാണ് ആരോപണ വിധേയനെന്നും പരാതിക്കാരി അംഗമായ സംഘം ആഭ്യന്തര സെല്ലിനെക്കൊണ്ട് ഇത് അന്വേഷിപ്പിച്ചതാണെന്നും പ്രതിഭാഗം വാദിച്ചു. രേഖകള്‍ പ്രതിഭാഗം ഹാജരാക്കിയെങ്കിലും ഇത് ഇപ്പോള്‍ പരിഗണിക്കുന്നത് ശരിയല്ലെന്ന് പ്രൊസിക്യൂഷന് വാദിച്ചു. വാട്സാപ്പ് സന്ദേശങ്ങളും ഫോട്ടോകളും പ്രതിഭാഗം ഹാജരാക്കിയിട്ടുണ്ട്.
യുവ എഴുത്തുകാരിയുടെ പരാതിയില്‍ കഴിഞ്ഞ ആഴ്ചയാണ് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തത്. ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പോലീസ് അന്വേഷണം തുടങ്ങിയതോടെ അദ്ദേഹം ഒളിവില്‍ പോയിരിക്കുകയാണ്.
കോഴിക്കോട് വെസ്റ്റ്ഹില്ലിലുളള വീട്ടിലേക്ക് പലതവണ അന്വേഷണസംഘം എത്തിയെങ്കിലും കണ്ടെത്താനായില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫാണെന്നും ചിലവിവരങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.
കേസെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും സിവിക് ചന്ദ്രന് എവിടെയുണ്ടെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും ഒരാഴ്ചക്കകം നടപടിയെടുത്തില്ലെങ്കില്‍ ഉത്തരമേഖ ഐ.ജി ഓഫീസിന് മുന്നില്‍ പ്രക്ഷോഭം തുടങ്ങുമെന്നും ദളിത് സംഘടനകള്‍ അറിയിച്ചിരുന്നു. ഐ.ജി.യുടെ ഓഫീസ് മുന്നില്‍ കുടില്‍കെട്ടി സമരം തുടങ്ങാനാണ് ദളിത് സംഘടനകളുടെ തീരുമാനം. പരാതിയില്‍ നടപടി വൈകുന്നതില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സാമൂഹിക സാംസ്കാരിക രംഗത്തെ 100 പേര് ഒപ്പുവെച്ച നിവേദനവും മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്.
അതിനിടെയാണ് കോഴിക്കോട് ജില്ലാകോടതി വഴി സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പരാതിക്കാരിയുടെ വിശദമായ മൊഴി വടകര ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം രേഖപ്പെടുത്തി. ഏപ്രില്‍ 17-നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിക്കെതിരെ അതിക്രമം ഉണ്ടായത്. കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വടകര ഡിവൈ.എസ്.പി.ക്കാണ് അന്വേഷണ ചുമതല.
ഇതിനിടെ മറ്റൊരു എഴുത്തുകാരി കൂടി ഇന്ന് സിവിക് ചന്ദ്രനെതിരേ പീഡന ആരോപണമയുര്‍ത്തി രംഗത്ത് വന്നു. ഇതിലും കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തട്ടുണ്ട്. 2020 ഫെബ്രുവരി 18-ന് വൈകീട്ട് നന്തി കടപ്പുറത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പുതിയ പരാതിയില്‍ പറയുന്നത്. വെള്ളിയാഴ്ച വൈകീട്ട് നല്കിയ പരാതിയില്‍ കൊയിലാണ്ടി പോലീസ് ഇന്നലെയാണ് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തത്.
Content Highlights – Civic Chandran, Sexual Harrasment, Complaint, Judgement