സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷും പ്രതിഭയും വിവാഹിതരായി
നിപാ ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷും കൊയിലാണ്ടി പന്തലായനി സ്വദേശി പ്രതിഭയും വിവാഹിതരായി. വടകര ലോകനാര്‍ക്കാവ് ക്ഷേത്രത്തിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. ലിനിയുടെയും സജീഷിന്റെയും മക്കളായ ഋതുല്‍, സിദ്ധാര്‍ഥ് പ്രതിഭയുടെ മകളായ ദേവപ്രിയയും വിവാഹത്തിന് സാക്ഷികളായി. ലിനിയുടെ കുടുംബം ഉള്‍പ്പെടെ മൂന്നു കുടുംബങ്ങളും ചേര്‍ന്നാണ് വിവാഹം നിശ്ചയിച്ചത്.
മക്കളായ ഋതുല്‍, സിദ്ധാര്‍ഥ് എന്നിവര്‍ക്കൊപ്പം ചെമ്പനോടയിലെ വീട്ടിലാണ് ലിനിയുടെ മരണ ശേഷം സജീഷ് താമസിച്ചിരുന്നത്. സജീഷിന് ലിനിയോടുള്ള ആദര സൂചകമായി സര്‍ക്കാര്‍ ജോലി നല്‍കിയിരുന്നു. സജീഷ് ഇപ്പോള്‍ പന്നിക്കോട്ടൂര്‍ പിഎച്ച്സിയില്‍ ക്ലര്‍ക്കാണ്. പ്രതിഭയ്ക്ക് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകളുണ്ട്. അധ്യാപികയാണ് പ്രതിഭ.
സജീഷ് തന്നെയാണ് ഫേസ്ബുക്കിലൂടെ വിവാഹക്കാര്യം അറിയിച്ചത്. പിന്നാലെ എംഎൽഎയും മുൻ ആരോഗ്യമന്ത്രിയുമായ കെ.കെ ശൈലജ സജീഷിനും കുടുംബത്തിനും ആശംസകൾ നേർന്നിരുന്നു. ലിനിയുടെ മക്കളായ ഋതുലിനും സിദ്ധാര്‍ത്ഥിനും ഒരമ്മയെ കിട്ടുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ഈ കുടുംബത്തിന് എല്ലാ സന്തോഷങ്ങളും ഉണ്ടാവട്ടെയെന്നും കെ കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജും സജീഷിനും പ്രതിഭയ്ക്കും ആശംസകൾ നേർന്നിരുന്നു.
Content highlights – Sister lini’s husband married