രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി സോണിയ ഗാന്ധി ഇഡിക്ക് മുന്നിൽ ഹാജരായി; രാജ്യമൊട്ടാകെ കോണ്ഗ്രസ് പ്രതിഷേധം, ട്രെയിന് തടഞ്ഞു
നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിനായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരായി. രാവിലെ 11 മണിയോടെ മക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധി വദ്രയ്ക്കും ഒപ്പമാണ് സോണി ഗാന്ധി എത്തിയത്.
കേസില് ഇതു രണ്ടാം തവണയാണ് സോണിയയെ ചോദ്യം ചെയ്യുന്നത്. ജൂലൈ 21 ന് കേസിലെ ആദ്യ ദിവസത്തെ ചോദ്യം ചെയ്യലിൽ രണ്ട് മണിക്കൂറിലേറെ സോണിയയുടെ മൊഴിയെടുത്തിരുന്നു. രാഹുല് ഗാന്ധിയുടെ മൊഴിയിലെ അവ്യക്തമായ കാര്യങ്ങളടക്കം സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഏജൻസി ഉന്നയിച്ച 28 ചോദ്യങ്ങൾക്ക് സോണി മറുപടി നൽകിയിരുന്നു. സോണിയയുടെ വിശ്വസ്തനായ മോത്തിലാല് വോറയാണ് കാര്യങ്ങള് കൈകാര്യം ചെയ്തതെന്നും, അതിനാല് സോണിയക്ക് ചോദ്യങ്ങളില് നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും ഇഡി പറയുന്നു. സോണിയയുടെ മൊഴി പരിശോധിച്ച ശേഷം രാഹുല് ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്തേക്കും.
സോണിയയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെ ഇന്നും രാജ്യവ്യാപക പ്രതിഷേധമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കോണ്ഗ്രസിന്റെ എല്ലാ ലോക്സഭാ എംപിമാരും രാവിലെ പാര്ട്ടി ആസ്ഥാനത്തെത്തി. ഇഡി നടപടിക്കെതിരെ എംപിമാരും നേതാക്കളും പ്രതിഷേധിക്കും. സോണിയക്കെതിരായ ഇഡി നടപടിയില് പ്രതിഷേധിച്ച് കേരളത്തിലും ശക്തമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്.
പാലക്കാടും കോട്ടയത്തും തൃശൂരും കണ്ണൂരും കോണ്ഗ്രസ് പ്രവര്ത്തകര് ട്രെയിന് തടഞ്ഞു. കോട്ടയത്ത് ജനശതാബ്ദി എക്സ്പ്രസ് തടഞ്ഞു. കോണ്ഗ്രസ് പ്രവര്ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. തൃശൂരില് ഗുരുവായൂര് എക്സ്പ്രസും, കണ്ണൂരില് ഇന്റര്സിറ്റി എക്സ്പ്രസും തടഞ്ഞു. പാലക്കാട് ട്രെയിനിന് മുകളില് കയറി പ്രവര്ത്തകര് പ്രതിഷേധിച്ചു. കോഴിക്കോട് ആര്പിഎഫും യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരും തമ്മില് സംഘര്ഷമുണ്ടായി. കാസര്കോട്, തിരുവല്ല തുടങ്ങിയ ഇടങ്ങളിലും ട്രെയിന് തടയല് അടക്കമുള്ള സമരങ്ങള് നടന്നു.