അമിത വില ഈടാക്കിയ ഹോട്ടലിനെതിരെ നടപടിയെടുക്കാന്‍ കളക്ടര്‍ക്ക് ശുപാര്‍ശ നല്കി സിവില്‍ സപ്ലൈസ് അധികൃതര്‍
മീന്‍ വിഭവങ്ങള്‍ക്ക് അമിത വില ഈടാക്കിയ ഹോട്ടലിനെതിരെ നടപടിയെടുക്കാന്‍ കളക്ടര്‍ക്ക് ശുപാര്‍ശ നല്കി സിവില്‍ സപ്ലൈസ് അധികൃതര്‍. ചേർത്തലയിലുള്ള എക്സ്റേ ജംഗ്ഷന് സമീപത്തെ ഹോട്ടലിനെതിരെ നടപടിയെടുക്കാന്‍ കളക്ടര്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടർച്ചയായുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ ഹോട്ടലില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.
ചേര്‍ത്തല മുട്ടം മാര്‍ക്കറ്റിനടുത്തുള്ള 25 കടകളിലും പരിശോധന നടത്തിയിരുന്നു. ഏഴു ഹോട്ടലുകളില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഈ ഹോട്ടലുകൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ ടി ഗാനാദേവി അറിയിച്ചു. ചേര്‍ത്തല താലൂക്ക് സപ്ലൈ ഓഫീസര്‍ സി ജയപ്രകാശിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.
കരിമീന്‍ വറുത്തതിന് 350 മുതല്‍ 450 രൂപ, കരിമീന്‍ വാഴയിലയില്‍ പൊള്ളിച്ചതിന് 550 രൂപ, തിലോപ്പിയയ്ക്ക് 250 മുതല്‍ 300 രൂപ, ഒരു അയല വറുത്തതിന് 200 രൂപ എന്നിങ്ങനെ ആയിരുന്നു ഭക്ഷ്യസാധനങ്ങളുടെ വില. ഹോട്ടലില്‍ നല്ല വൃത്തിയുണ്ടെങ്കിലും അമിതവില ഈടാക്കിയത് ശരിയല്ലെന്ന് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
content highlights – hotel charging excessive prices, civil supplies authorities