ഡീസൽ പ്രതിസന്ധി; ഇന്നും കെ.എസ്.ആർ.ടി.സി സർവീസുകൾ മുടങ്ങും
സംസ്ഥാനത്ത് ഡീസൽ പ്രതിസന്ധിയെ തുടർന്ന് കെ.എസ്.ആർ.ടി.സി സർവീസുകൾ ഇന്നും വെട്ടിക്കുറയ്ക്കും. ഡീസൽ ക്ഷാമം കാരണമുള്ള കെ.എസ്.ആർ.ടി.സി സർവീസ് വെട്ടിച്ചുരുക്കൽ ബുധനാഴ്ച വരെ തുടരും.
ഇന്ന് ഓർഡിനറി സർവീസുകളിൽ 25 ശതമാനം മാത്രമാണ് നിരത്തിലിറങ്ങുക. അഞ്ഞൂറോളം സർവീസുകളാണ് ഇന്നലെ റദ്ദാക്കിയത്. ഡീസൽ പ്രതിസന്ധി ചൊവ്വാഴ്ചയോടെ പരിഹരിക്കാനാകുമെന്ന് സിഎംഡി ബിജു പ്രഭാകർ പറഞ്ഞു.
നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഡീസൽ ലഭ്യത കുറയാൻ കാരണം. മോശം കാലാവസ്ഥയും വരുമാനം കുറച്ചിട്ടുണ്ട്. ഇതോടെയാണ് സർവീസുകൾ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം സിഎംഡി കൈക്കൊണ്ടത്.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ദീർഘദൂര സർവീസുകൾ നടത്തും. ഡീസൽ ഉപഭോഗവും കിലോമീറ്റർ ഓപറേഷനും കുറച്ച് മൂന്ന് ദിവസത്തേക്ക് വരുമാനമില്ലാത്ത സർവീസുകൾ പൂർണ്ണമായും ഒഴിവാക്കി ഡീസൽ ക്ഷാമം പരിഹരിക്കാനാണ് കെ.എസ്.ആർ.ടി.സി ശ്രമിക്കുന്നത്.