ലോക്ക് ഡൗണില്‍ കുടുങ്ങിയ തൊഴിലാളികളെ വിമാനത്തില്‍ നാട്ടിലെത്തിച്ച കര്ഷകന് ക്ഷേത്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍
2020ല്‍ ആദ്യ ലോക്ക്ഡൗണ്‍ കാലത്ത് തൊഴിലാളികളെ വിമാനത്തില്‍ നാട്ടിലേക്കയച്ച കര്‍ഷകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി സ്വദേശിയായ കൂണ് കര്ഷകന് പപ്പന് സിംഗ് ഗെഹ്ലോട്ടിനെയാണ് ഒരു ക്ഷേത്രത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 55 വയസായിരുന്നു. ആലിപൂരിലെ വീടിനു മുന്നിലുള്ള ക്ഷേത്രത്തില്‍ സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
പപ്പന് സിംഗിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. തന്റെ രോഗമാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പിലുള്ളതായി പോലീസ് അറിയിച്ചു. ലോക്ക്ഡൗണ്‍ കാലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് പോകുന്നതിനായി ഹൈവേകളിലൂടെ നടക്കുന്നതിന്റെ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുന്നതിനിടെയാണ് പപ്പന് സിംഗ് തന്റെ തൊഴിലാളികള്‍ക്ക് വിമാന ടിക്കറ്റ് എടുത്തു നല്കി വാര്‍ത്തകളില്‍ നിറഞ്ഞത്.
ബിഹാര്‍ സ്വദേശികളായ തൊഴിലാളികളെയാണ് അദ്ദേഹം സുരക്ഷിതമായി നാട്ടിലെത്തിച്ചത്. പിന്നീട് ലോക്ക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്നതോടെ തൊഴിലാളികള്‍ക്ക് തിരികെ വരാനും പപ്പന് സിംഗ് വിമാന ടിക്കറ്റ് എടുത്തു നല്‍കിയിരുന്നു. പപ്പന് സിംഗിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Content highlights – lockdown, farmer, hanged himself