ചാൻസലറുടെ അധികാരം കുറക്കുന്നതുവഴി സർക്കാർ ലക്ഷ്യം വെക്കുന്നത് വ്യാപക ബന്ധു നിയമനമെന്ന് ഗവർണർ
ചാന്‍സലറുടെ അധികാരം കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ പുതിയ നീക്കം വഴി വ്യാപകമായ ബന്ധു നിയമനം നടത്തുകയാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. നിയമത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്നും സെലക്ഷന് കമ്മറ്റിയില്‍ മാറ്റം വരുത്തുന്നതിലൂടെ ബന്ധു നിയമനം എളുപ്പത്തിലാക്കുകയാണ് സർക്കാർ നയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭയിൽ അവതരിപ്പിച്ച ബില്ല് തന്റെ പരിഗണനയ്ക്ക് വരുമ്പോള്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കണ്ണൂരില്‍നടന്ന ചരിത്ര കോണ്‍ഗ്രസില്‍ തന്നെ കൈയേറ്റംചെയ്ത ചരിത്രകാരന് ഇര്ഫാന് ഹബീബിനും സംഘത്തിനുമെതിരേ കേരളത്തില്‍ യാതൊരു നടപടിയും ഉണ്ടാവില്ലെന്ന് ഉറപ്പാണ്. ഇതേ കാര്യം അലിഗഢില്‍ ചെയ്യാൻ അദ്ദേഹത്തിന് ധൈര്യമുണ്ടാവില്ലെന്നും ഗവർണർ പറഞ്ഞു. പ്രധാനമന്ത്രി ഒരു യോഗത്തെ അഭിസംബോധനചെയ്യുമ്പോള്‍ ഇതുപോലെ എന്തുകൊണ്ട് പെരുമാറുന്നില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ ചോദിച്ചു. ഭരണകൂടം കൃത്യമായ നടപടി എടുക്കുമെന്ന് ഉറപ്പുള്ളയിടങ്ങളിൽ ഇത്തരം പ്രവൃത്തികൾ ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രപതിയേയോ, ഗവര്ണര്മാരേയോ ശല്യപ്പെടുത്തിയാല്‍ നിയമനടപടി സ്വീകരിക്കാനും ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ സംസ്ഥാന സർക്കാർ ആര്‍ക്കെതിരെയും ഒരു നടപടിയും സ്വീകരിച്ചില്ല. ഇര്ഫാന് ഹബീബും കണ്ണൂര്‍ വൈസ് ചാന്‍സലറും വേദിയില്‍ മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു. ആ സ്ത്രീ വളരെ മോശമായാണ് സംസാരിച്ചത്. എന്നിട്ടും അതിൽ ഒരു നടപടിയും ഉണ്ടായില്ല എന്നത് ഖേദകരമാണ്.
ചരിത്ര കോണ്‍ഗ്രസില്‍ എന്താണ് കണ്ടതെന്ന് വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് കണ്ണൂര്‍ സര്‍വകലാശാല വി.സി. ഡോ. ഗോപിനാഥ് രവീന്ദ്രന് രണ്ട് പ്രാവശ്യം കത്തയച്ചിരുന്നു. പക്ഷേ, താന്‍ സുരക്ഷാ വിദഗ്ദ്ധനല്ലെന്ന് പറഞ്ഞ് അദ്ദേഹം അത് നിരസിച്ചു. അതിനുള്ള പ്രതിഫലം അദ്ദേഹത്തിന് ലഭിച്ചു. രണ്ടാം തവണ നിയമന പ്രക്രിയിലൂടെ കടന്നുപോകാതെ തന്നെ അദ്ദേഹം വി സിയായി നിയമിതനായി. അത് പ്രതിഫലം തന്നെയാണ്. സംസ്ഥാനത്ത് ഭരണഘടനാ സംവിധാനങ്ങള്‍ തകര്‍ന്നാല്‍ എന്ത് ചെയ്യണമെന്ന് തനിക്കറിയാമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
Content highlights – Governor, against kerala government