പെണ്‍കുട്ടി ബസ് തടഞ്ഞ സംഭവം; ബസ് ജീവനക്കാര്‍ ഹാജരാകണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം
പാലക്കാട് അമിത വേഗതയില്‍ ഇടിച്ചിടാന്‍ തുടങ്ങിയ ബസ് പെണ്‍കുട്ടി തടഞ്ഞ സംഭവത്തില്‍ നടപടിക്ക് നിര്‍ദേശം. ബസിനെതിരെ അന്വേഷണത്തിന് പാലക്കാട് ആര്‍ടിഒ ഉത്തരവിട്ടു. ഹാജരാകാന്‍ രാജപ്രഭ ബസിലെ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്കി. അന്വേഷണം നടത്തി നടപടിയെടുക്കാന്‍ പട്ടാമ്പി ജോയിന്റ് ആര്‍ടിഒയ്ക്കാണ് നിര്‍ദേശം നല്‍കിയത്.
പാലക്കാട്-ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന രാജപ്രഭ ബസാണ് പെരുമണ്ണൂര്‍ സ്വദേശിനിയായ സാന്ദ്ര തടഞ്ഞത്. തന്റെ സ്കൂട്ടര്‍ അപകടത്തില്‍ പെടുത്താന്‍ തുടങ്ങിയ ബസ് ഒന്നര കിലോമീറ്റര്‍ പിന്തുടര്ന്ന് പെണ്‍കുട്ടി തടയുകയായിരുന്നു. ബസ് തടയുമ്പോള്‍ ഡ്രൈവര്‍ ഹെഡ്ഫോണ് വെച്ച് പാട്ടു കേള്‍ക്കുകയായിരുന്നെന്ന് സാന്ദ്ര പറഞ്ഞിരുന്നു.
കൂറ്റനാടിന് സമീപം പെരുമണ്ണയിലാണ് രാവിലെ സംഭവമുണ്ടായത്. ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍വശത്ത് എത്തിയ ലോറിയെ മറികടക്കാനുള്ള ശ്രമത്തില്‍ ബസ് സ്കൂട്ടറില്‍ ഉരസുകയായിരുന്നു. സാന്ദ്ര ബസ് തടയുന്നതിന്റെ വീഡിയോ വൈറലായതിനെത്തുടര്‍ന്നാണ് നടപടി.
content highlights – bus incident, motor vehicle department