അധികാര ദുര്വിനിയോഗത്തിന് പിരിച്ചുവിട്ട ഇന്സ്പെക്ടറെ പോലീസില് തിരിച്ചെടുത്തു
അഴിമതി, കസ്റ്റഡി മര്ദ്ദനം, ഭീഷണിപ്പെടുത്തല്, കൈക്കൂലി തുടങ്ങിയ കുറ്റകൃത്യങ്ങളില് പ്രതിയാകുകയും അധികാര ദുര്വിനിയോഗം നടത്തുകയും ചെയ്തതിന് പുറത്താക്കിയ ഇന്സ്പെക്ടറെ പോലീസില് തിരിച്ചെടുത്തു. തൊടുപുഴ എസ്എച്ച്ഒ ആയിരിക്കെ സര്വീസില് നിന്ന് പുറത്താക്കപ്പെട്ട എന് ജി ശ്രീമോനെയാണ് തിരിച്ചെടുത്തത്. കാസര്കോട് ക്രൈം ബ്രാഞ്ചിലേക്കാണ് ഇയാളെ നിയമിച്ചിരിക്കുന്നത്. പിരിച്ചുവിടല് നടപടി പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീമോന് നല്കിയ അപ്പീലില് എഡിജിപി വിജയ് സാഖറേയാണ് ഇയാളെ തിരിച്ചെടുക്കാന് ഉത്തരവിട്ടിരിക്കുന്നത്.
പിരിച്ചുവിട്ട നടപടിക്ക് പകരം മൂന്നു വര്ഷത്തെ ശമ്പള വര്ദ്ധന തടയല് മാത്രമാക്കി ശിക്ഷ ചുരുക്കിയിരിക്കുകയാണ്. സിവില് തര്ക്കത്തില് അന്യായമായി ഇടപെട്ട് പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് ശ്രീമോനെതിരെ തൊടുപുഴ ഉടുമ്പന്നൂര് സ്വദേശി ബേബിച്ചന് വര്ക്കി നല്കിയ ഹര്ജിയില് വിജിലന്സ് ഐ.ജി. എച്ച്. വെങ്കിടേഷ് നല്കിയ അന്വേഷണ റിപ്പോര്ട്ട് പരിഗണിച്ചാണ് ഇയാളെ സര്വീസില് നിന്ന് പിരിച്ചുവിട്ടത്. ശ്രീമോനെതിരേ മുപ്പതിലധികം സംഭവങ്ങളില് പരാതി ഉന്നയിച്ചിരുന്നു.
വിജിലന്സ് നടത്തിയ അന്വേഷണത്തില് 18 പരാതികളില് കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്ന്ന് ഹൈക്കോടതി നിര്ദേശം അനുസരിച്ച് ശ്രീമോനെ പിരിച്ചു വിടുകയായിരുന്നു. ഇത്തരം ഉദ്യോഗസ്ഥര് സമൂഹത്തിന് ഭീഷണിയാണെന്നും കോടതി പറഞ്ഞിരുന്നു. തൊടുപുഴയില് നടന്ന യൂത്ത് കോണ്ഗ്രസ് മാര്ച്ചില് മുന്വൈരാഗ്യത്തിന്റെ പേരില് ഏതാനും പേരെ ലക്ഷ്യമിട്ട് ശ്രീമോന് ആക്രമണം നടത്തിയതായി പരാതി ഉയര്ന്നിരുന്നു. ശ്രീമോനെതിരെ മുന്പ് പരാതി നല്കിയ കോണ്ഗ്രസ് പ്രവര്ത്തകരുടെ തലതല്ലിപ്പൊട്ടിച്ചുവെന്നായിരുന്നു പരാതി.
മന്ത്രി ജി ആര് അനിലിനോട് അപമര്യാദയായി പെരുമാറിയ വട്ടപ്പാറ എസ്എച്ച്ഒ ഗിരിലാലിനെ വിജിലന്സിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിലാണ് ശ്രീമോനെ തിരിച്ചെടുക്കുന്ന വിവരവും ഉള്ളത്.
Content highlights – inspector, for abuse of power was reinstated