കേന്ദ്രസർക്കാറിന്റെ കൈയിലെ ചട്ടുകമാണ് ഇ ഡി; എന്ത് കുറ്റമാണ് ചെയ്തതെന്ന് പറയാതെ ഹാജരാവില്ലെന്ന് ആവർത്തിച്ച് തോമസ് ഐസക്
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ് ഏകപക്ഷീയമാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. താന്‍ ചെയ്ത കുറ്റം എന്തെന്ന് സമൻസിൽ ഇല്ല. ഫെമ നിയമവും കിഫ്ബിയും ലംഘിച്ചോ എന്നും വ്യക്തമാക്കണം. കുറ്റം എന്തെന്ന് പറയാതെയാണ് രണ്ട് തവണ സമൻസ് അയച്ചത്. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ബി.ജെ.പിയുടെ രാഷ്ട്രീയ ചട്ടുകമാണെന്നും പൗരാവകാശ ലംഘനമാണിതെന്നും തോമസ് ഐസക് പറഞ്ഞു.
ആർക്കും കുതിരകയറാൻ നിന്നു കൊടുക്കില്ല. ചെയ്ത കുറ്റം എന്തെന്ന് ഇ.ഡി അറിയിക്കണം. അല്ലെങ്കിൽ സമൻസ് പിൻവലിക്കണം. ഇ.ഡി നീക്കത്തിൽ ആശങ്കയില്ലെന്നും തോമസ് ഐസക് അറിയിച്ചു.
കൃത്യമായ രാഷ്ട്രീയ ലക്ഷ്യമാണ് ഇ.ഡിക്കുള്ളത്. സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ തകർക്കുകയാണ് ലക്ഷ്യം. കേരളത്തെ മറ്റ് രീതികളിൽ ഒന്നും തകർക്കാനാകില്ലെന്നാണ് കേന്ദ്രത്തിന് അറിയാം. ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
ചോദ്യംചെയ്യലിനായി ആദ്യം നോട്ടീസ് നൽകിയിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ഇ.ഡി വീണ്ടും തോമസ് ഐസകിന് നോട്ടീസ് നല്‍കുകയായിരുന്നു. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ വിശദീകരിച്ച് ഐസക് രേഖാമൂലം മറുപടി നല്കി. താന്‍ ചെയ്ത കുറ്റം എന്താണെന്നാണ് ഇ.ഡിക്ക് ഇ മെയില്‍ മുഖേന നല്കിയ മറുപടിയിലെ പ്രധാന ചോദ്യം. ഇ.ഡി ആവശ്യപ്പെടുന്ന കിഫ്ബി രേഖകളുടെ ഉടമസ്ഥന് താനല്ല. തന്റെ സമ്പാദ്യം പൊതുസമൂഹത്തിന് മുന്നിലുള്ളതാണെന്നും ഇ.ഡിക്കുള്ള മറുപടിയില്‍ ഐസക് വ്യക്തമാക്കുന്നുണ്ട്..
എന്നാൽ കിഫ്ബി മസാല ബോണ്ടിറക്കിയതില്‍ ഫെമ നിയമത്തിന്റെ ലംഘനമുണ്ടെന്നാണ് ഇ.ഡിയുടെ നിലപാട്. ഇ.ഡി തനിക്കു നൽകിയ സമൻസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കിഫ് ബിയോ താനോ ചെയ്ത നിയമലംഘനം എന്താണെന്ന് സമൻസിൽ വ്യക്തമാക്കിയിട്ടില്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
സമൻസുകളുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് ഇ.ഡിയെ തടയണമെന്നാണ് ഹരജിയിലെ ആവശ്യം. കിഫ് ബിക്കെതിരെയുള്ള ഇ.ഡി നീക്കത്തെ നിയമപരമായി പ്രതിരോധിക്കാനാണ് സിപിഎം ശ്രമം. ഇതിന്റെ ഭാഗമായാണ് കെ കെ ശൈലജ, ഐ ബി സതീഷ്, എം മുകേഷ്, ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നീ എംഎല്‍എമാര്‍ പൊതുതാൽപര്യ ഹരജി നൽകിയത്.
73,000 കോടി രൂപയുടെ പദ്ധതിയായ കിഫ്ബിയെ തകർക്കാൻ മസാല ബോണ്ടിന്റെ പേര് പറഞ്ഞ് ഇ.ഡി ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. രണ്ട് ഹരജികളും ഹൈക്കോടതി ഇന്ന് പരിഗണിക്കും.