മുന്നറിയിപ്പില്ലാതെ മരം മുറിച്ച് പക്ഷികളെ കൊന്നൊടുക്കിയവർ കുടുങ്ങി
ദേശീയപാത വികസനത്തിൻറെ പേരിൽ കേരളത്തിൽ വെട്ടിമാറ്റപ്പെട്ട നൂറ് കണക്കിന് മരങ്ങളിലുണ്ടായിരുന്നത് ആയിരക്കണക്കിന് ദേശാടന പക്ഷികളും തദ്ദേശീയരായ പക്ഷികളുമാണ്. അങ്ങനെയിരിക്കെ കണ്ടുനിന്നവരുടെ എല്ലാവരുടെയും തന്നെ മനസ്സലിയിപ്പിക്കുന്ന കാഴ്ചയായിരുന്നു ദേശീയപാത 66-ലെ വികസനത്തിന്റെ ഭാഗമായി മിണ്ടാപ്രാണികളോട് കാണിച്ച കൊടുംക്രൂരത. നിരവധി ചെറുതും വലുതുമായ പക്ഷികളുടെ വാസസ്ഥലമായ മലപ്പുറം തിരൂരങ്ങാടിക്കടുത്ത വി.കെ. പടിയിലെ മരം ഒരു ദയയുമില്ലാതെ മുറിച്ച് നീക്കിയപ്പോൾ നൂറിലേറെ ജീവികളായിരുന്നു വീണ് ചത്തൊടുങ്ങിയത്.
സമീപത്തുണ്ടായിരുന്ന മറ്റനേകം മരങ്ങൾ ദേശീയ പാതയുടെ പേരിൽ വെട്ടിവീഴിത്തിയപ്പോൾ അവശേഷിച്ച ഈ മരത്തിലേക്കായിരുന്നു പക്ഷികളെല്ലാം ചേക്കേറിയിരുന്നത് അതുകൊണ്ടുതന്നെ നൂറ് കണക്കിന് കൂടുകളിലായി നീർക്കാക്കകളും കാക്കകളും കൊക്കുകളുമടക്കം ഒരു വലിയ പക്ഷി സങ്കേതമായിരുന്നു ആ മരം. അത് പെട്ടെന്ന് വീണതോടെ കുറെ പക്ഷികൾ പറന്ന് രക്ഷപ്പെട്ടവെങ്കിലും ഏറെയെണ്ണം താഴെവീണു ചാകുന്ന കാഴ്ചയായിരുന്നു കണ്ടത്. കൂടുകളിലുണ്ടായിരുന്ന എരണ്ട പക്ഷികളും കുഞ്ഞുങ്ങളുമാണ് ചത്തത്. ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി ഇവിടത്തെ പുളിമരം മണ്ണുമാന്തിയന്ത്രമുപയോഗിച്ച് പിഴുതുമാറ്റുകയും ചെയ്തു. അതേസമയം ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധിപ്പേർപ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
വികസനം ആവശ്യമായത് തന്നെയാണ്. അതിനായി വീടും കൂടും ഒഴിയേണ്ടിവരും. കെട്ടിടങ്ങൾ പൊളിക്കേണ്ടിവരും. മരം മുറിച്ചുമാറ്റേണ്ടിവരും. ഇതിൽ ഒന്നും തന്നെ യാതൊരു തർക്കമില്ല. എന്നാൽ താഴെവീഴ്ത്തി കൊന്നൊടുക്കുന്നതെന്തിനാണെന്നാണ് പലരും ആരോപിക്കുന്നത്. കാലങ്ങളായി പക്ഷികൾ അതിവസിച്ചുവരുന്ന ഈമരം മുറിക്കാൻ ഒരുങ്ങുന്നതിന് മുൻപ് ചുവടെ കുറച്ചു പടക്കങ്ങൾ പൊട്ടിച്ചാൽ, ചെറുതായൊന്ന് ഒച്ചവെച്ചാൽ പാറിപപോകുമായിരുന്നു. എന്നാൽ വിവേകം തൊട്ടുതീണ്ടിയിട്ടില്ലാത്ത മനുഷ്യർചെയ്തത്, മനുഷ്യത്വം മരവിപ്പിക്കുന്ന പ്രവർത്തിയാണെന്ന് പറയാതെവയ്യ.
എന്നാലിപ്പോൾ ഈ ക്രൂരത കാട്ടിയവർക്ക് പൂട്ട് വീഴുന്നുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. മലപ്പുറം വി.കെ പടി അങ്ങാടിയ്ക്ക് സമീപം ദേശീയപാത വികസനത്തിനായി മരങ്ങൾ മുറിച്ചുമാറ്റുന്നതിന്റെ ഭാഗമായി ഷെഡ്യൂൾ നാല് വിഭാഗത്തിൽ ഉൾപ്പെട്ട നീർക്കാക്കളെയും കുഞ്ഞുങ്ങളെയും നശിപ്പിച്ചത് ക്രൂരമായ നടപടിയെന്ന് വനം വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് ഇത് ചെയ്തിരിക്കുന്നത്. മരം മുറിക്കാൻ അനുമതിയുണ്ടായാലും പക്ഷികളും പക്ഷിക്കൂടുകളുമുള്ള മരങ്ങളാണെങ്കിൽ അവ ഒഴിഞ്ഞു പോകുന്നതുവരെ മുറിച്ചുമാറ്റരുതെന്ന വനം വകുപ്പിന്റെ നിർദ്ദേശം ലംഘിച്ചാണ് ഇത് ചെയ്തിരിക്കുന്നത്. ഉത്തരവാദികളായവർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം വനം വകുപ്പ് കേസെടുത്തിട്ടുണ്ട്. ഡ്രൈവറെയും വാഹനവും കസ്റ്റയിലെടുത്തിട്ടുണ്ട്. വൈൽഡ് ലൈഫ് കൺസർവേറ്ററും സോഷ്യൽ ഫോറസ്ട്രി നോർത്തേൺ റീജ്യൺ കൺസർവേറ്ററും ഫോറസ്റ്റ് വിജിലൻസ് വിഭാഗവും സ്ഥലം സന്ദർശിച്ച് കൂടുതൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.