റോഡിലെ കുഴിയിൽ വീണ് സൈക്കിൾ യാത്രികരായ രണ്ട് പെൺകുട്ടികൾക്ക് പരിക്ക്

സൈക്കിൾ യാത്രികരായ രണ്ട് പെൺകുട്ടികൾക്ക് റോഡിലെ കുഴിയിൽ വീണ് പരിക്ക്. ഞായറാഴ്ച രാവിലെ നെടുമ്പാശ്ശേരി കരിയാട്-മറ്റൂർ റോഡിൽ തിരുവിലാവ് ചാപ്പലിന് മുന്നിലെ കുഴിയിൽ വീണായിരുന്നു അപകടം. പള്ളിയിൽ പ്രാർത്ഥനയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. കരിയാട് സ്വദേശികളായ അലീന(10), ജൂഹി(10) എന്നിവർക്കാണ് പരിക്ക്.
വലിയ കുഴികളാണ് റോഡിലുടനീളം. കുഴികൾ ഇല്ലാത്ത സ്ഥലം നോക്കി സൈക്കിൾ ചവിട്ടി കൊണ്ടിരിക്കുന്നതിനിടയിൽ പിറകിൽ നിന്നും വന്ന വാഹനം ഹോൺ അടിച്ച് മറികടന്നു. ഈ സമയം സൈക്കിൾ റോഡിലേക്ക് മാറ്റിയതും കുഴിയിലേക്ക് വീഴുകയായിരുന്നു. ഇരുവർക്കും ശരീരം മുഴുവൻ സാരമായി പരിക്കേറ്റിട്ടുണ്ട്.
ജൂഹി എന്ന പെൺകുട്ടിയുടെ കൈ ഒടിഞ്ഞിട്ടുണ്ട്. കൈകാലുകൾക്കും മുഖത്തും ഒക്കെ പരിക്കേറ്റിട്ടുണ്ട്. പല്ലിലും ചുണ്ടിലുമൊക്കെ മാരകമായ പരിക്കുണ്ട്. ജൂഹിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ മുഖത്ത് പ്ലാസ്റ്റിക് സർജറി ചെയ്യാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിലെ ശോച്യാവസ്ഥ ഉന്നയിച്ച് ആലുവ പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് ഇന്ന് മാർച്ച് നടത്തും.
Content Highlights – 2 girls injured, Bicycle accident, Nedumbassery