പിസി ജോർജ് നുണപറയാനും ഭക്ഷണം കഴിക്കാനും മാത്രം വാതുറക്കുന്നയാളെന്ന് വെള്ളപ്പള്ളി
വിദ്വേഷപ്രസംഗക്കേസിൽ പിസി ജോർജിനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിസി ജോർജ് നുണപറയാനും ഭക്ഷണം കഴിക്കാനും മാത്രം വാതുറക്കുന്നയാളാണെന്നും ജോർജ് നാവുവളയ്ക്കുന്നത് വാർത്തകൾ സൃഷ്ടിക്കാൻ വേണ്ടി മാത്രമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. പിഎസ് സി നിയമന വിഷയത്തിൽ സർക്കാരിന് വിമോചനസമരപ്പേടിയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
പിസി ജോർജ് നാവുവളയ്ക്കുന്നത് വാർത്തകൾ സൃഷ്ടിക്കാൻ വേണ്ടി മാത്രമാണ്. രാഷ്ട്രീയത്തിലും ജീവിതത്തിലും നിലപാടില്ലാത്തയാളാണ് ജോർജ്. ഇന്ന് മുസ്ലീങ്ങൾക്കെതിരാണെങ്കിൽ നാളെ എസ്എൻഡിപിയ്ക്കെതിരായിരിക്കും. ചിലപ്പോൾ ബിഷപ്പിനെ തള്ളിപ്പറയും. ഇങ്ങനെ ആരെയും തള്ളിപ്പറയാൻ മടിയില്ലാത്തയാളാണ് ജോർജെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
ജഗതിയുടെ മകളെ പിസി ജോർജ് മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ച് മതം മാറ്റിച്ചുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു. പാർവ്വതിയെ അൽഫോൻസയാക്കി. ഇത്രത്തോളം വർഗീയത ആർക്കുണ്ടെന്നും വെള്ളാപ്പള്ളി ചോദിച്ചു.
അതേസമയം, ആലപ്പുഴയിൽ പോപ്പുലർ ഫ്രൻ്റ് റാലിയിൽ കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിലും വെള്ളാപ്പള്ളി പ്രതികരിച്ചു. കുട്ടി ഇക്കാര്യത്തിൽ നിഷ്കളങ്കനാണെന്നും പക്ഷേ കുട്ടിയെക്കൊണ്ട് അത് പറയിപ്പിച്ചവർ കുറ്റക്കാരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഹിന്ദു സമുദായത്തെയും കൃസ്ത്യൻ സമുദായത്തെയും നശിപ്പിക്കുമെന്ന് വീറോടുകൂടി മുദ്രാവാക്യം വിളിച്ചുയർത്തി പറയുകയാണ്. അങ്ങനെ രണ്ട് സമുദായത്തെ ഒതുക്കിയോ നശിപ്പിച്ചോ മറ്റൊരു സമുദായത്തിന് അങ്ങനെ വാഴാനുള്ള സാഹചര്യം ഇന്ത്യയിലോ കേരളത്തിലോ ഇല്ല. ആലപ്പുഴയിൽ അശേഷമില്ല. ആലപ്പുഴ എല്ലാവരും മതപരമായ സൗഹാർദ്ദത്തോടെ ജീവിക്കുന്ന പ്രദേശമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
“ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന എന്ന ചിന്തയിലാണ് ആലപ്പുഴക്കാർ കഴിയുന്നത്. എസ്എൻ ട്രസ്റ്റിൻ്റെ കണക്കുകളെല്ലാം ഓഡിറ്റ് ചെയ്യുന്നത് റഹീം സാറാണ്. കഴിഞ്ഞ 24 കൊല്ലമായിട്ട്. അദ്ദേഹം മുസ്ലീമല്ലേ? അദ്ദേഹത്തെ അങ്ങനെ കണ്ടില്ലല്ലോ? എൻ്റെ ബിസിനസ് പാർട്ണർ കൃസ്ത്യാനിയല്ലേ?” വെള്ളാപ്പള്ളി പറഞ്ഞു.
ഇവിടെ മതസൗഹാർദ്ദമില്ലാത്ത അന്തരീക്ഷമുണ്ടെന്ന് വരുത്തിതീർക്കാൻ ചിലർ ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
സർക്കാരിന് വിമോചനസമരപ്പേടി
പി എസ് സി നിയമന വിഷയത്തിൽ സർക്കാരിന് വിമോചനസമരപ്പേടിയുണ്ടെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. പി എസ് സി നിയമനം സർക്കാരിന് വിടണമെന്ന തൻ്റെ നിലപാടിൽ മാറ്റമില്ല. പണ്ടും ഇതുപോലൊരു നിലപാടെടുത്തപ്പോഴായിരുന്നല്ലോ വിമോചനസമരമുണ്ടായത്. രണ്ടാമതൊരു വിമോചനസമരമുണ്ടാകുമെന്ന് സർക്കാരിന് ഭയമുണ്ടായിരിക്കും. അന്നും കൃസ്ത്യൻ സഭകളും എൻ എസ് എസും ചേർന്നായിരുന്നല്ലോ വിമോചനസമരം സംഘടിപ്പിച്ചതെന്നും വെള്ളാപ്പള്ളി ചോദിച്ചു.
Content Highlights: Vellappally Natesan against PC George, Vellappally on PSC appoitments, Vellappally on Alappuzha hate slogan issue