മദ്യം നൽകി ലൈംഗിക ചൂഷണം; ഹാപ്പി പിൽ പോലെയുള്ള രാസലഹരികൾ കഴിക്കാൻ നിർബ്ബന്ധിച്ചു: വിജയ് ബാബുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരി; ഫെയ്സ്ബുക്ക് ലൈവിൽ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു
നടനും സിനിമാനിർമാതാവുമായ വിജയ് ബാബുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരിയായ യുവതി. തൻ്റെ വ്യക്തിപരവും തൊഴിൽപരവുമായ പ്രശ്നങ്ങളിൽ രക്ഷകനെപ്പോലെ പെരുമാറിയ വിജയ് ബാബു അതിൻ്റെ മറവിൽ തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് യുവതി ആരോപിക്കുന്നു. വിമെൻ എഗൈൻസ്റ്റ് സെക്ഷ്വൽ ഹറാസ്മെൻ്റ് എന്ന ഫെയ്സ്ബുക്ക് പേജിലൂടെ പ്രസിദ്ധീകരിച്ച മീടൂ പോസ്റ്റിലാണ് യുവതിയുടെ ആരോപണങ്ങൾ.
സിനിമയിൽ കൂടുതൽ അവസരങ്ങൾ നൽകാമെന്ന് ഉറപ്പ് പറഞ്ഞ് തന്നെ ബലാത്സംഗം ചെയ്തുയെന്ന് ആരോപിച്ചു കൊണ്ട് മെയ് 22ന് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതുവാർത്തയായതോടെ ചൊവ്വാഴ്ച രാത്രി വിജയ് ബാബു ഫെയ്സ്ബുക്കിൽ ലൈവ് വീഡിയോയിലൂടെ ഇരയുടെ പേരു വെളിപ്പെടുത്തുകയും അവരും താനുമായുള്ള ചാറ്റുകൾ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് തൻ്റെ ആരോപണങ്ങൾ യുവതി ഫെയ്സ്ബുക്കിലൂടെ പ്രസിദ്ധീകരിച്ചത്.
രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ചു കൊണ്ട് സ്ത്രീകളെ തൻ്റെ കെണിയിലേക്ക് വീഴ്ത്തുന്നതായിരുന്നു വിജയ് ബാബുവിൻ്റെ പ്രവർത്തനരീതിയെന്ന് പരാതിക്കാരി ആരോപിക്കുന്നു.
“മദ്യം നൽകി, അവശയാക്കി, അതിൻ്റെ ലഹരിയിൽ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്യും. എനിക്ക് ബോധമുണ്ടായപ്പോഴെല്ലാം, സെക്സിൽ ഏർപ്പെടാനുള്ള സമ്മതം ഞാൻ നിഷേധിച്ചു. പക്ഷേ വിജയ് ബാബുവിനെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്നമായിരുന്നില്ല, എന്റെ പ്രതിഷേധം അവഗണിച്ച് കഴിഞ്ഞ ഒന്നര മാസത്തിനിടെ അയാൾ എന്നെ പലതവണ ബലാത്സംഗം ചെയ്തു. മദ്യം നൽകി എനിക്ക് ബോധത്തോടെ Yes or No ‘ എന്ന് പറയാൻ കഴിവില്ലാതിരുന്നപ്പോൾ എന്റെ ശരീരത്തെ അയാളുടെ സന്തോഷത്തിനുള്ള ഒരു ഉപകരണമായി ഉപയോഗിച്ചു.” പരാതിക്കാരി ആരോപിക്കുന്നു.
ഹാപ്പി പിൽസ് പോലെയുള്ള രാസലഹരി വസ്തുക്കൾ ഉപയോഗിക്കാൻ വിജയ് ബാബു നിർബ്ബന്ധിക്കുമായിരുന്നെന്നും പക്ഷേ താൻ അതു നിഷേധിച്ചുവെന്നും പരാതിക്കാരി പറയുന്നു. ഒരു കാറിൽ വെച്ച് ഓറൽ സെക്സിനു വിജയ് ബാബു തന്നെ നിർബന്ധിച്ചു. അതുണ്ടാക്കിയ ഷോക്കിൽ തനിക്ക് സംസാരിക്കാൻ പോലും പറ്റാതായി. തൻ്റെ ജീവിതത്തിൽ സംഭവിക്കുന്ന, തൻ്റെ ആത്മാഭിമാനത്തെ തകർക്കുന്ന ഈ സംഭവങ്ങളെ കുറിച്ച് സംസാരിക്കാനോ പ്രതികരിക്കാനോ കഴിയാതെ ഒരു ഞെട്ടലിലായിരുന്നു താനെന്നും പരാതിക്കാരി പറയുന്നു.
എന്നാൽ താൻ നിരപരാധിയാണെന്നായിരുന്നു ഫെയ്സ്ബുക്ക് ലൈവ് വീഡിയോയിലൂടെ വിജയ് ബാബു അവകാശപ്പെട്ടത്. 2018 മുതൽ പരാതിക്കാരിയെ തനിക്ക് അറിയാമെന്നും അഞ്ചു വർഷത്തെ പരിചയത്തിനിടയിൽ ആ കുട്ടിയുമായി ഒന്നും ഉണ്ടായിട്ടില്ലെന്നും വിജയ് ബാബു പറഞ്ഞു. തന്റെ സിനിമയിൽ കൃത്യമായി ഓഡിഷൻ നടത്തി അഭിനയിപ്പിക്കുകയാണ് താൻ ചെയ്തത്. മാർച്ച് മുതൽ പരാതിക്കാരി അയച്ച സന്ദേശങ്ങളും 400ഓളം സ്ക്രീൻ ഷോട്ടുകളും തന്റെ കൈവശമുണ്ട്. ഒന്നര വർഷത്തോളം ആ കുട്ടിക്ക് ഒരു മെസേജും അയച്ചിട്ടില്ല. തനിക്ക് ഡിപ്രഷനാണെന്ന് പറഞ്ഞ് ഇങ്ങോട്ട് വരികയായിരുന്നു. താനാണ് ഈ കേസിലെ ഇരയെന്നും അതിനാൽ നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു വിജയ് ബാബുവിൻ്റെ അവകാശവാദം.
അതേസമയം ഫേയ്സ്ബുക്ക് ലൈവിലൂടെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന് എറണാകുളം സൗത്ത് പോലീസ് വിജയ് ബാബുവിനെതിരെ കേസെടുത്തു. നിലവിൽ വിജയ് ബാബു വിദേശത്തായതിനാൽ ഇയാളെ ചോദ്യം ചെയ്യാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.
Content Highlight: Rape, compelling for drug abuse- Complainant raises serious allegations against actor Vijay Babu