ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേപ്പാലം ശ്രീനഗറില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേപ്പാലത്തിന്റെ നിര്‍മ്മാണം ശ്രീനഗറിലെ ചെനാബ് നദിയില്‍ പൂര്‍ത്തിയാകുന്നു. പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരമാണ് പാലത്തിനുള്ളത്. ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍വേ സെക്ഷനില്‍ കട്രയില്‍ നിന്ന് ബനിഹാളിലേക്കുള്ള 111 കിലോമീറ്റര്‍ വരുന്ന പാതയുടെ ഭാഗമാണ് പാലം. 1.3 കിലോമീറ്ററാണ് പാലത്തിന്റെ നീളം.
1,250 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന പാലം രണ്ട് അറ്റത്തുനിന്നും ഒരേസമയം പണിത് തുടങ്ങുകയായിരുന്നു. നിര്‍മ്മാണത്തില്‍ 1,300 തൊഴിലാളികളും 300 എന്‍ജിനീയര്‍മാരും പങ്കാളികളായിട്ടുണ്ട്. ചെനാബ് നദിക്ക് മുകളില്‍ 350 മീറ്റര്‍ ഉയരത്തിലുള്ള പാലത്തിന്റെ 98 ശതമാനം പണിയും പൂര്‍ത്തിയായി കഴിഞ്ഞു.
2004ല്‍ തുടങ്ങിയ പാലത്തിന്റെ പണി കാറ്റ് തടസമായതോടെ 2008ല്‍ നിര്‍ത്തിവെച്ചിരുന്നു. 120 വര്‍ഷമാണ് പാലത്തിന്റെ ആയുസ്. ഭീകരാക്രമണ ഭീഷണികളെയും ഭൂകമ്പങ്ങളെയും അതിജീവിക്കാന്‍ ശേഷിയുള്ള സുരക്ഷാ സജ്ജീകരണമുള്ളതായിരിക്കും പാലമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പറഞ്ഞിരുന്നു.
Content Highlights – World’s tallest railway bridge in srinagar