20,000 ഡോളറിന്റെ വജ്രം: ജിൽ ബൈഡന് മോദിയുടെ സമ്മാനം
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും കുടുംബത്തിനും 2023-ൽ വിദേശ നേതാക്കളിൽ നിന്ന് പതിനായിരക്കണക്കിന് ഡോളർ മൂല്യം വരുന്ന സമ്മാനങ്ങൾ ലഭിച്ചതായി റിപ്പോർട്ട്. വ്യാഴാഴ്ച്ച പ്രസിദ്ധീകരിച്ച സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ വാർഷിക അക്കൗണ്ടിംഗ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് 20,000 ഡോളർ വിലമതിക്കുന്ന 7.5 കാരറ്റ് വജ്രമാണ് ജിൽ ബൈഡന് ലഭിച്ചത്. അവർക്ക് 2023-ൽ ലഭിച്ച ഏറ്റവും വിലയേറിയ സമ്മാനമായിരുന്നു ഇത്. കൂടാതെ അമേരിക്കയിലെ യുക്രേനിയൻ അംബാസഡറിൽ നിന്ന് 14,063 ഡോളർ വിലമതിക്കുന്ന ഒരു ബ്രൂച്ചും ബ്രേസ്ലെറ്റും, ഈജിപ്ത് പ്രസിഡന്റും പ്രഥമ വനിതയും നൽകിയ 4,510 ഡോളർ വിലമതിക്കുന്ന ബ്രൂച്ചും ഫോട്ടോ ആൽബവും ജിൽ ബൈഡന് ലഭിച്ച സമ്മാനങ്ങളുടെ കൂട്ടത്തിൽപ്പെടുന്നു.
ഈയിടെ ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോളിൽ നിന്ന് 7,100 ഡോളറിൻ്റെ ഫോട്ടോ ആൽബവും, മംഗോളിയൻ പ്രധാനമന്ത്രിയിൽ നിന്ന് 3,495 ഡോളർ വിലമതിക്കുന്ന മംഗോളിയൻ യോദ്ധാക്കളുടെ പ്രതിമയും, ബ്രൂണെ സുൽത്താനിൽ നിന്ന് 3,300 ഡോളർ വിലമതിക്കുന്ന വെള്ളി പാത്രവും ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ അമേരിക്കൻ പ്രസിഡന്റിന് ലഭിച്ചു. ഇസ്രയേൽ പ്രസിഡന്റിൽ നിന്ന് 3,160 ഡോളറിന്റെ സ്റ്റെർലിംഗ് സിൽവർ ട്രേയും, യുക്രേനിയൻ പ്രസിഡൻ്റ് വൊളോഡിമർ സെലെൻസ്കിയിൽ നിന്ന് 2,400 ഡോളർ മൂല്യമുള്ള കൊളാഷും ജോ ബൈഡന് ലഭിച്ച സമ്മാനങ്ങളുടെ കൂട്ടത്തിൽപ്പെടുന്നു.