അമേരിക്കയിൽ വട്ടമിട്ട് ആയിരക്കണക്കിന് നിഗൂഢ ഡ്രോണുകൾ; വെടിവെച്ചിടണമെന്ന് ട്രംപ്
നിരവധി അമേരിക്കൻ സംസ്ഥാനങ്ങളിൽ ഒട്ടേറെ നിഗൂഢമായ ഡ്രോണുകൾ കണ്ടെത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ ന്യൂജേഴ്സി, ന്യൂയോർക്ക്, പെൻസിൽവാനിയ, മേരിലാൻഡ് എന്നിവിടങ്ങളിൽ വ്യാപകമായി ഡ്രോണുകൾ കണ്ടെത്തിയതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഇതോടെ ജനങ്ങൾ ആശങ്കയിലായിരിക്കുകയാണ്.
വിവിധ സംസ്ഥാനങ്ങളിൽ ഡ്രോണുകൾ കണ്ടതായുള്ള റിപ്പോർട്ടുകൾ വ്യാപകമായി പുറത്തുവന്നതിന് പിന്നാലെ ജോ ബൈഡൻ ഭരണകൂടത്തിനെതിരെ വിമർശനവുമായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത് വന്നു. സംഭവത്തിൽ സുതാര്യത വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തുടനീളം ദുരൂഹമായ ഡ്രോണുകളുടെ ദൃശ്യങ്ങൾ കാണുകയാണെന്നും ഭരണകൂടത്തിന്റെ അറിവില്ലാതെ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും ട്രംപ് പറഞ്ഞു. സംഭവത്തിന്റെ സത്യാവസ്ഥ ജനങ്ങളെ അറിയിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഡ്രോണുകൾ വെടിവെച്ചിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.
അതേസമയം, ന്യൂജേഴ്സിയിലെ സോമർസെറ്റ് കൗണ്ടിയിൽ ഡ്രോൺ തകർന്ന് വീണതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഹിൽസ്ബറോയിലെ കൃഷിയിടത്തിൽ ഡ്രോൺ തകർന്ന് വീണതായുള്ള റിപ്പോർട്ടുകളെ തുടർന്ന് ഹിൽസ്ബറോ ടൗൺഷിപ്പ് പൊലീസ് സ്ഥലത്തെത്തി വ്യാപകമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.