അമേരിക്കയുടെ ചരിത്രത്തിലാദ്യമായി ഖുർആനിൽ കൈ വെച്ച് മേയറുടെ സത്യപ്രതിജ്ഞ; രാജ്യത്തെ ഏറ്ററ്വും വലിയ നഗരത്തിൻറെ മേയറായി സൊഹ്റാൻ മംദാനി
അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്ക് സിറ്റിയുടെ മേയറായി ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനി അധികാരമേറ്റു. മാൻഹാട്ടനിലെ ചരിത്രപ്രസിദ്ധമായ, ഇപ്പോൾ പ്രവർത്തനത്തിലില്ലാത്ത ‘ഓൾഡ് സിറ്റി ഹാൾ’ സബ്വേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഖുറാൻ സാക്ഷിയായാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്. ന്യൂയോർക്ക് സിറ്റിയുടെ ചരിത്രത്തിലെ ആദ്യ മുസ്ലീം മേയറും ദക്ഷിണേഷ്യൻ വംശജനായ ആദ്യ മേയറുമാണ് 34 വയസുകാരനായ മംദാനി.
ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മനോഹരമായ ആർച്ച് മേൽക്കൂരകളാൽ പ്രസിദ്ധമായ പഴയ സബ്വേ സ്റ്റേഷൻ ഈ ചരിത്ര മുഹൂർത്തത്തിന് വേദിയായി. ഇത് ജീവിതകാലത്തെ ഏറ്റവും വലിയ ബഹുമതിയും ഭാഗ്യവുമാണ് എന്ന് അധികാരമേറ്റ ശേഷം മംദാനി പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ദേശിക സമയം ഒരു മണിക്ക് സിറ്റി ഹാളിൽ വെച്ച് പൊതു സത്യപ്രതിജ്ഞ നടക്കും. സെനറ്റർ ബെർണി സാൻഡേഴ്സായിരിക്കും ഈ ചടങ്ങ് നിയന്ത്രിക്കുക.
സത്യപ്രതിജ്ഞയ്ക്ക് ശേഷം ബ്രോഡ്വേയിലെ പ്രശസ്തമായ ‘കാന്യോൺ ഓഫ് ഹീറോസിൽ’ വിപുലമായ ബ്ലോക്ക് പാർട്ടി സംഘടിപ്പിച്ചിട്ടുണ്ട്. സാധാരണക്കാർക്ക് കൂടി പങ്കെടുക്കാവുന്ന രീതിയിലാണ് ഇത്തവണത്തെ ആഘോഷങ്ങൾ.
ന്യൂയോർക്ക് അറ്റോർണി ജനറലായ ലെറ്റിറ്റ ജെയിംസ് ചൊല്ലിക്കൊടുത്ത സത്യവാചകം, ഖുറാനിൽ കൈവെച്ചാണ് അദ്ദേഹം ഏറ്റുചൊല്ലിയത്. ഭാര്യ റമാ ദുവാജിയും മംദാനിക്ക് അരികിലുണ്ടായിരുന്നു. ഇത് ജീവിതകാലത്തെ ഏറ്റവും വലിയ ബഹുമതിയും ആദരവുമാണെന്ന് മംദാനി പറഞ്ഞു.
ന്യൂയോർക്ക് മേയർമാർ രണ്ടുവട്ടം സത്യപ്രതിജ്ഞ ചെയ്യുന്ന പതിവുണ്ട്. ആദ്യ സത്യപ്രതിജ്ഞ പഴയ സബ്വേയിൽവെച്ചും പിന്നീട് മുൻസിപ്പാലിറ്റി ആസ്ഥാനമന്ദിരത്തിലുംവെച്ച് നടത്തുകയാണ് പതിവ്. ഈ രീതിയാണ് മംദാനിയും പിന്തുടരുക.
ഇന്ത്യയിൽ ജനിച്ച ഉഗാണ്ടൻ അക്കാദമീഷ്യനായ മഹ്മൂദ് മംദാനിയുടെയും ഇന്ത്യൻ ചലച്ചിത്ര സംവിധായിക മീര നായരുടെയും മകനാണ് സൊഹ്റാൻ മംദാനി. ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലാണ് മംദാനി ജനിച്ചതും കുട്ടിക്കാലം ചെലവഴിച്ചതും. അദ്ദേഹത്തിന്റെ ഏഴാമത്തെ വയസ്സിലാണ് മംദാനി കുടുംബം ന്യൂയോർക്കിലേക്ക് കുടിയേറുന്നത്. 2018-ലാണ് അദ്ദേഹത്തിന് അമേരിക്കൻ പൗരത്വം ലഭിക്കുന്നത്. അമേരിക്കൻ പൗരനായി ഏഴു വർഷങ്ങൾ പിന്നിടുമ്പോൾ തന്നെ അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്ക് സിറ്റിയുടെ മേയറായി മാറിയിരിക്കുകയാണ് മംദാനി.
തന്റെ മുത്തച്ഛന്റെ ഖുര്‍ആനും ന്യൂയോര്‍ക് പബ്ലിക് ലൈബ്രറിയില്‍ സൂക്ഷിച്ചിരുന്ന കറുത്ത വര്‍ഗക്കാരനും ചരിത്രകാരനുമായ അര്‍തുറോ ഷോംബെര്ഗിന്റെ ഖുര്‍ആനുമാണ് അദ്ദേഹം രാത്രിയില്‍ നടന്ന സത്യപ്രതിജ്ഞാ സമയം കൈവശം വെച്ചത്.
സിറ്റി ഹാളില്‍ പകല്‍ നടക്കുന്ന ചടങ്ങില്‍ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും ഖുര്‍ആനുകള്‍ മംദാനി ഉപയോഗിക്കുമെന്ന് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
സത്യപ്രതിജ്ഞാ ചടങ്ങില്‍, തെരഞ്ഞെടുക്കപ്പെട്ട ആളുകൾ ഏതെങ്കിലും മതഗ്രന്ഥങ്ങള്‍ ഉപയോഗിക്കണമെന്ന് അമേരിക്കയിൽ നിര്‍ബന്ധമില്ല. എന്നാല്‍ മുന്‍ മേയര്‍മാരില്‍ ഭൂരിഭാഗം ആളുകളും സത്യപ്രതിജ്ഞാ ചടങ്ങില്‍ ബൈബിളുകള്‍ കൈവശം വെച്ചിരുന്നു. ഇത്തരത്തില്‍ ഖുര്‍ആന്‍ കൈവശം വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്ന ചരിത്രത്തിലെ ആദ്യ ന്യൂയോര്‍ക് മേയറായി മാറുകയാണ് സൊഹ്റാൻ മംദാനി.












