ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടരാജി ഇന്ന് അമേരിക്കയിൽ നടക്കും; ട്രംപിൻറെ നയങ്ങൾ കാരണം തൊഴിലില്ലായ്മ വർദ്ധിക്കുന്നു

ലോകത്തെ ഞെട്ടിച്ച് കൊണ്ട് ഇന്ന് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടരാജി അമേരിക്കയിൽ നടക്കും. ഈയൊരു ദിവസം കൊണ്ട് മാത്രം സർക്കാർ സർവീസിൽ നിന്നും കൂട്ട രാജി വെക്കുന്നത് ഒരു ലക്ഷം പേരാണ്. വിവിധ വകുപ്പുകളുടെ പുനഃസംഘടനയുടെയും ചെലവുചുരുക്കലിന്റെയും ഭാഗമായി ട്രംപ് ഭരണകൂടം നടപ്പാക്കുന്ന ‘‘ഡിഫറഡ് റെസിഗ്നേഷൻ ഓഫർ’ പദ്ധതിപ്രകാരമാണ് കൂട്ടരാജി നടക്കുന്നത്.
ആകെ ഈ ഓഫറിൽ രാജിവയ്ക്കുന്നത് രണ്ടേ മുക്കാൽ ലക്ഷം ആളുകളാണ്. ഇവരെ തുടക്കത്തിൽ 8 മാസത്തെ ലീവിലേക്കാണ് പറഞ്ഞുവിടുന്നത്. ഈ 8 മാസവും അവരുടെ ശമ്പളം ലഭിക്കും. വിരമിക്കൽ ആനുകൂല്യമായി മൊത്തം 14.8 ബില്യൻ ഡോളറിന്റെ, അതായത് ഒരു ലക്ഷത്തി മുപ്പതിനായിരം കോടി രൂപയുടെ ചെലവ് ട്രംപ് ഭരണകൂടം നേരിടേണ്ടി വരും.
എന്നാൽ, ഇത്രയും പേർ രാജിവയ്ക്കുന്നതു വഴി പ്രതിവർഷം 28 ബില്യൻ ഡോളർ അതായത് രണ്ടര ലക്ഷം കോടി രൂപ ഗവൺമെന്റിന് ലാഭം ഉണ്ടാകും എന്നാണ് വൈറ്റ്ഹൗസ് കണക്ക് കൂട്ടുന്നത്. ജോലിസ്ഥിരത നഷ്ടപ്പെട്ട സാഹചര്യത്തിൽ, ഇനി രാജി ഒഴികെ മറ്റൊരു മാർഗമില്ലെന്നാണ് ഫെഡറൽ ജീവനക്കാരുടെ യൂണിയൻ പ്രതികരിച്ചത്.
ഒരേസമയം ഇത്തരത്തിൽ വലിയ തോതിൽ രാജികൾ നടക്കുകയാണെങ്കിൽ, അമേരിക്കൻ ഭരണ-സുരക്ഷാ സംവിധാനങ്ങൾക്കും പൊതുജന സേവനങ്ങൾക്കും ഗുരുതരമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും യൂണിയൻ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്കും ഭരണകാര്യങ്ങളിലെ കാര്യക്ഷമതയ്ക്കുമായി ചെലവ് ചുരുക്കൽ അനിവാര്യമാണ് എന്നാണ് ട്രംപ് അനുകൂലികളുടെ വാദം.
ഗവൺമെന്റിന്റെ ചെലവുകൾക്കുള്ള ഫണ്ട് ഉറപ്പാക്കാനുള്ള ബിൽ പാസാക്കാൻ, എതിർപക്ഷമായ ഡെമോക്രാറ്റുകൾ മടിച്ച് നിൽക്കുന്നത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു. ട്രംപ് പ്രഖ്യാപിച്ച പുതിയ സാമ്പത്തികനയ പ്രകാരം നിരവധി ഫെഡറൽ വകുപ്പുകളിലും ഏജൻസികളിലും വൻ തോതിൽ ബജറ്റ് വെട്ടിക്കുറച്ചിട്ടുണ്ട്. ഇതിനൊപ്പം, ജീവനക്കാരുടെ വേതനവും ആനുകൂല്യങ്ങളും കുറയ്ക്കുന്നതടക്കമുള്ള നടപടികൾ ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോൾ ട്രംപ് സ്വയം വിരമിക്കൽ പദ്ധതി നടപ്പിലാക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അമേരിക്കയിൽ ആദ്യമായാണ് ഒറ്റദിവസം ഇത്രയും പേർ ഫെഡറൽ സർവീസിൽ നിന്ന് രാജിവയ്ക്കുന്നത്.
സർക്കാർ ചിലവിനു പണം അനുവദിക്കുന്ന ബില്ല് പാസാക്കാൻ ഡെമോക്രാറ്റുകളും ആയി ചർച്ചയിൽ ആണ് ട്രമ്പ്. അത് നടന്നില്ല എങ്കിൽ പണം ഇല്ലാതെ സർക്കാർ പൂട്ടേണ്ടി വരുമെന്നാണ് പറയുന്നത്.
ഒരുമാതിരി എല്ലാ രാജ്യങ്ങൾക്കും അനാവശ്യമായി ഇറക്കുമതി ചുങ്കം വർധിപ്പിച്ചതോടെ അമേരിക്കയിൽ വിലക്കയറ്റം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ട്രമ്പ് സർക്കാർ ബ്രാൻഡഡ് മരുന്നുകൾക്ക് 100% ഇറക്കുമതി തീരുവയും ചുമത്തിയിരുന്നു. ഇപ്പോളത്തെ കൂട്ട പിരിച്ചു വിടൽ മൂലം തൊഴിലില്ലായ്മ നിരക്ക് വലിയ തോതിൽ വർദ്ധിക്കുകായും ചെയ്യും.
എന്നാൽ സാമ്പത്തിക പ്രശ്നങ്ങളിലേക്കും വിലക്കയറ്റത്തിലേക്കും തൊഴിൽ ഇല്ലായ്മയിലേക്കും അമേരിക്ക നീങ്ങുമ്പോളും അവിടുള്ള 43.7% ജനങ്ങൾ ട്രംപിനെ പിന്തുണക്കുന്നുണ്ട്. ട്രംപിന് എന്തൊക്കെയോ അറിയാം എന്നൊരു മിഥ്യ ധാരണയുള്ളവരാണ് പിന്തുണക്കുന്നതിൽ കൂടുതലും. എന്നാൽ യുവതലമുറ ഒന്നടങ്കം ട്രംപിന് എതിരാണ്.
അതേസമയം രാജി സമർപ്പിച്ച സർക്കാർ ജീവനക്കാർ നിലവിൽ തകർന്നിരിക്കുന്ന ഒരു തൊഴിൽ വിപണിയിലേക്കാണ് പോകുന്നത്. ട്രമ്പിന്റെ താരിഫ് നയങ്ങൾ സൃഷ്ടിച്ച അനിശ്ചിതത്വം കാരണം 22,000 തൊഴിൽ ഒഴിവുകൾ മാത്രമാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. തൊഴിലില്ലായ്മ നിരക്ക് 4.3% ആയി ഉയർന്നു. ഇത് 2021-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കുമാണ്.